അശ്റഫ് തൂണേരി
ദോഹ: ലോക ഭാഷകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബെന്യാമീന്റെ ‘ആടുജീവിത’ത്തിന് അറബ് മൊഴിമാറ്റം നിര്‍വ്വഹിച്ച മലയാളി എഴുത്തുകാരന്റെ രണ്ടാമത് അറബ് രചന ശ്രദ്ധേയമാവുന്നു. ഖത്തറില്‍ ജോലി നോക്കുന്ന സുഹൈല്‍ അബ്്ദുല്‍ഹക്കീം അല്‍വാഫിയുടെ ‘അല്‍അറബിയ്യ ബയ്നല്‍ ഫുസ്ഹീ വല്‍ആമിയ്യ’ (അറബി: എഴുത്ത് ഭാഷയും സംസാരഭാഷയും) എന്ന ഗ്രന്ഥമാണ് ഭാഷാ വിദഗ്ദ്ധര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഈയ്യിടെ പുറത്തിറങ്ങിയ രചന ലബനാനിലെ അല്‍നഫാഇസ് ആണ് പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത്.
അറബ് ഭാഷയുടെ വൈവിധ്യങ്ങളിലേക്ക് വായനക്കാരെ ആകര്‍ഷിക്കുന്ന ഈ രചനയില്‍ 60 തലവാചകങ്ങളിലായി വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. 192 പേജുകളാണുള്ളത്. ഭാഷകള്‍ക്കിടയില്‍ അറബ് ഭാഷയുടെ ശക്തി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥമെന്ന് രചയിതാവായ സുഹൈല്‍ വാഫി ഒരിടത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഭാഷാ ഗവേഷണ രംഗത്ത് പ്രചോദനമായി വരുന്ന ഈ ഗ്രന്ഥം ലോക ഭാഷാ സമൂഹങ്ങളെക്കുറിച്ച് നിരീക്ഷണം നടത്തുന്നു. അറബ് ഭാഷയില്‍ ഫുസ്ഹാ എന്നറിയപ്പെടുന്ന ശുദ്ധ സാഹിത്യ ഭാഷയിലും ലഹ്ജ എന്ന പൊതുജന സംസാര ഭാഷയിലുമുള്ള വൈജാത്യങ്ങളെ ആഴത്തില്‍ പരിശോധിക്കാനുള്ള തീവ്രശ്രമം രചയിതാവ് നടത്തുന്നുണ്ട്. അറബ് ദൃശ്യമാധ്യമ രംഗം ഭാഷയെ ഏതു രൂപത്തിലാണ് കൈകാര്യം ചെയ്യുന്നത് എന്ന അന്വേഷണവുമുണ്ട്.
ചില ധാരണകളെ പൊളിക്കാനുള്ള ശ്രമവും ഈ ഗ്രന്ഥം നടത്തുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക മേഖലകളെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഭാഷാപരമായി ഉള്‍ക്കൊള്ളാന്‍ ഇംഗ്ലീഷിന് മാത്രമേ കഴിയൂ എന്നതിനെ ഉദാഹരണ സഹിതം ചോദ്യം ചെയ്യുന്നു സുഹൈല്‍ വാഫി. മറ്റേതൊരു ഭാഷയെക്കാളും എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ സെമിറ്റിക് ഭാഷയ്ക്കെന്ന് അദ്ദേഹം ഉദാഹരണ സഹിതം സ്ഥാപിക്കുന്നു. ഉപമയും അലങ്കാരങ്ങളും ഉള്‍പ്പെടെ ലളിതമായി വിശദീകരിക്കുന്ന, ഭാഷയുടെ പോയ കാലവും വര്‍ത്തമാനവും ഭാവിയും പ്രതിപാദിക്കുന്ന ഈ രചന അറബി ഭാഷാ പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും മുതല്‍ക്കൂട്ടാണെന്ന് ഇതിനകം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
‘ആടു ജീവിതം’ അയ്യാമുല്‍ മാഈസ് എന്ന പേരിലായിരുന്നു സുഹൈല്‍ വാഫി വിവര്‍ത്തനം ചെയ്തത്. കുവൈത്തിലെ ആഫാഖ് ബുക് സ്റ്റോര്‍ ആയിരുന്നു ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. വിവിധ ലോക രാജ്യങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ‘അയ്യാമുല്‍ മാഈസ്’ ചില അറബ് രാജ്യങ്ങള്‍ നിരോധിക്കുകയുമുണ്ടായി. പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ അബ്്ദുല്‍ഹക്കീം ഫൈസി ആദൃശ്ശേരിയുടെ മകനാണ് സുഹൈല്‍ വാഫി.