റവാസ് ആട്ടീരി
മലപ്പുറം
പ്രവാചക പരമ്പരയുടെ പ്രതാപത്തോടൊപ്പം പിതാവ് പൂക്കോയ തങ്ങളുടെ കരുതലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന സംശുദ്ധ നേതൃത്വത്തെ കടഞ്ഞെടുത്തത്. വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, നടപ്പിലും ഇരുപ്പിലുമെല്ലാം ആ ശ്രേഷ്ഠത പ്രകടമായിരുന്നു. ലളിതമായ ജീവിതവും സ്‌നേഹം തുളുമ്പുന്ന മനസും വിനയത്തോടെയുള്ള പെരുമാറ്റവും ഹൈദരലി ശിഹാബ് തങ്ങളില്‍ അലങ്കാരം ചാര്‍ത്തി.
കുട്ടിക്കാലത്തെ ക്ലേശജീവിതത്തില്‍ നിന്ന് പഠിച്ചെടുത്ത പാഠം മികച്ച പൊതുപ്രവര്‍ത്തകന്റെ മനപ്പൊരുത്തത്തിലേക്ക് തങ്ങളെ നയിച്ചു. 1947 ജൂണ്‍ 15ന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലാണ് ജനനം. തങ്ങളുടെ ബാല്യകാലം ഏറെ പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. ഹൈദരാബാദ് ആക്ഷന്റെ പേരില്‍ വന്ദ്യപിതാവായ പി.എം.എസ്.എ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം വീട് വളഞ്ഞത് ഞെട്ടിക്കുന്ന ഓര്‍മകളിലൊന്നാണ്. സുബ്ഹ് ബാങ്കിന്റെ സമയത്താണ് പൊലീസുകാര്‍ എത്തിയത്. തന്റെ മാതാവ് ആയിശ എന്ന ചെറിഞ്ഞി ബീവി ക്ഷയരോഗ ബാധിതയായി കിടക്കുകയായിരുന്നു. പ്രിയ മാതാവിനെ ചികിത്സിക്കുന്നത് കോയമ്പത്തൂരിലെ ഗാന്ധിപുരത്താണ്. ബാപ്പയെ അറസ്റ്റ് ചെയ്തു രണ്ടു ദിവസം മഞ്ചേരി സബ്ജയിലിലും രണ്ടാഴ്ച കോഴിക്കോട് പുതിയറ ജയിലിലുമായി തടവില്‍ പാര്‍പ്പിച്ചു. ഇതിന് തൊട്ടടുത്ത വര്‍ഷമാണ് മാതാവ് ഈ ലോകത്തോട് വിടപറഞ്ഞത്. പിന്നെ ഉമ്മയുടെ സ്ഥാനത്ത് പിതൃസഹോദരിയായ മുത്തുബീവിയായിരുന്നു. അവരുടെ പരിലാളനയിലായിരുന്നു പിന്നീടുള്ള ബാല്യകാലം.
ഓത്തുപള്ളി പഠന കാലത്താണ് ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളും പഠിച്ചത്. പാണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ നിന്നാണ് പ്രാഥമിക ഭൗതിക വിദ്യാഭ്യാസം നേടിയത്. ഒന്നു മുതല്‍ നാലുവരെ അവിടെ പഠിച്ചു. കടുത്ത ശിക്ഷകള്‍ നല്‍കി കുട്ടികളെ പഠിപ്പിക്കുന്ന കാലമായിരുന്നു അത്. പിന്നീടുള്ള പഠനം കോഴിക്കോട്ടായിരുന്നു. മദ്‌റസത്തുല്‍ മുഹമ്മദിയ്യയില്‍. അതായത് എം.എം ഹൈസ്‌കൂളില്‍. പിതൃസഹോദരി ഭര്‍ത്താവിന്റെ വീടായ ‘കോയ വീട്ടില്‍’ ആയിരുന്നു അക്കാലത്ത് താമസിച്ചിരുന്നത്. തങ്ങളുടെ ജ്യേഷ്ഠ സഹോദരന്‍ ഉമറലി ശിഹാബ് തങ്ങളും അവിടെ പഠിച്ചിരുന്നു. കോഴിക്കോട്ടെ അക്കാലത്തെ അറിയപ്പെട്ട സമന്വയ വിദ്യാഭ്യാസ സ്ഥാപനമായിരുന്നു അത്.
മദ്രസത്തുല്‍ മുഹമ്മദിയ്യയില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പത്താംതരത്തില്‍ ഉയര്‍ന്ന വിജയം നേടിയ തങ്ങള്‍ പ്രതിഭ തെളിയിച്ചു. മതവിദ്യാഭ്യാസത്തിലെ അടിസ്ഥാന കാര്യങ്ങളിലും അവഗാഹം നേടി. പത്താംതരം പൂര്‍ത്തിയാക്കിയെങ്കിലും അറബിക് കോളജില്‍ ചേര്‍ന്നു പഠിക്കാനായിരുന്നു ഹൈദരലി തങ്ങള്‍ക്ക് താല്‍പര്യം. പക്ഷേ, പിതാവ് പൂക്കോയ തങ്ങള്‍ സമ്മതിച്ചില്ല. പള്ളിദര്‍സാണ് നല്ലത്. അതിനാല്‍ നല്ലൊരു ദര്‍സില്‍ ചേര്‍ക്കാമെന്ന് വന്ദ്യ പിതാവ് പറഞ്ഞു. അങ്ങനെയാണ് പിതാവിനു വേണ്ടി തങ്ങള്‍ സമ്മതം മൂളുന്നത്. ജ്യേഷ്ഠ സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും ഉന്നത മതവിദ്യ അഭ്യസിക്കുന്ന കാലമാണത്.
മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത്. കൊടപ്പനക്കല്‍ തറവാടിന്റെ താവഴി അതായിരുന്നു. അടിസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസം നേടിയാല്‍ പിന്നെ ‘കിതാബ്’ ഓതിപ്പഠിക്കുന്നതിന് പുരുഷന്‍മാരെയെല്ലാം പള്ളിദര്‍സില്‍ ചേര്‍ക്കും. കോന്നല്ലൂര്‍ ദര്‍സില്‍ കാട്ടിപ്പരുത്തിക്കാരന്‍ കുഞ്ഞാലന്‍ മുസ്‌ലിയാരായിരുന്നു ഉസ്താദ്. ദര്‍സ് പഠനത്തിന് ശേഷം പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ ചേര്‍ന്നു. കരുവാരകുണ്ട് കെ.കെ അബ്ദുല്ല മുസ്‌ലിയാരായിരുന്നു പ്രധാന ഉസ്താദും പ്രിന്‍സിപ്പലും. അവിടെ നിന്ന് മറ്റു പ്രധാന കര്‍മശാസ്ത്ര, ആത്യാത്മിക ഗ്രന്ഥങ്ങളും പഠിച്ചെടുത്തു. നാട്ടിക വി മൂസ മുസ്‌ലിയാര്‍, പുറങ്ങ് അബ്ദുല്ല മൗലവി എന്നിവര്‍ അവിടെ സതീര്‍ത്ഥ്യരായിരുന്നു. തുടര്‍ന്ന് തഹ്‌സീലിന് (ബിരുദ പഠനം) ആണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളിജില്‍ ചേരുന്നത്.
1972ലാണ് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്നത്. മുഖ്തസറിലേക്കായിരുന്നു പ്രവേശനം. 1975ല്‍ ഫൈസി ബിരുദം നേടി. സൂഫിവര്യനായിരുന്ന ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരില്‍ നിന്നാണ് ‘സനദ്’ സ്വീകരിച്ചത്. തന്റെ പിതാവ് ഏറെ സന്തോഷിച്ച നിമിഷമായിരിക്കും അതെന്ന് ഹൈദരലി തങ്ങള്‍ അഭിമാനത്തോടെ പറയാറുണ്ട്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു അന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ പ്രിന്‍സിപ്പല്‍. വലിയ മൂപ്പര്‍ എന്നായിരുന്നു അന്ന് തങ്ങള്‍ ശംസുല്‍ ഉലമയെ വിളിച്ചിരുന്നതെന്ന് തങ്ങള്‍ പറയാറുണ്ട്. കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍, കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഗുരുനാഥന്മാര്‍. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ചാപ്പനങ്ങാടി ബാപ്പു മുസ്്‌ലിയാരുടെ സഹോദരന്‍ ഇ.വി ഹസന്‍ മുസ്്‌ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്്‌ലിയാരുടെ സഹോദരന്‍ ഹാജി കെ. മമ്മദ് ഫൈസി എന്നിവര്‍ ഹൈദരലി തങ്ങളുടെ അതേബാച്ചിലെ കൂട്ടുകാരായിരുന്നു.
സമസ്തയുടെ പ്രഥമ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റ് പദവിയും ഉസ്താദുമാര്‍ ഏല്‍പിച്ചത് ഹൈദരലി തങ്ങളെയായിരുന്നു. ജാമിഅയില്‍ വെച്ചുതന്നെ ഹൈദരലി തങ്ങള്‍ക്ക് ശംസുല്‍ ഉലമയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പൂക്കോയ തങ്ങളുടെ മകന്‍ എന്ന നിലയില്‍ അദ്ദേഹം പ്രത്യേക പരിഗണന നല്‍കുമായിരുന്നു. ഉപരിപഠനം എന്ന നിലയില്‍ ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഈജിപ്തില്‍ പോയതുപോലെ മദീനയില്‍ പോയി പഠിക്കണമെന്ന ആഗ്രഹമായിരുന്നു ഹൈദരലി തങ്ങള്‍ക്ക്. പക്ഷേ, രണ്ടും നടന്നില്ല. പിതാവിന്റെ വഴിയില്‍ സമുദായ സേവനത്തിന് തന്റെ ജീവിതം സമര്‍പ്പിക്കണമെന്ന തിരിച്ചറിവാണ് പിന്നീട് മുസ്‌ലിംലീഗിന്റെയും സമസ്തയുടെയും അനിഷേധ്യ അമരസ്ഥാനത്തേക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അടുപ്പിച്ചത്.