ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോപ്പു കൂട്ടുന്നുവെന്ന സൂചന നല്‍കി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ. പൊതു ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സഭയില്‍ വെച്ച സാമ്പത്തിക സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് തൊഴില്‍ അവസര വളര്‍ച്ചക്കും വ്യവസായ വളര്‍ച്ചക്കും തടസ്സം രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങളാണെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതാനും 40ല്‍ അധികം നിയമങ്ങള്‍ റദ്ദാക്കി കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള നാല് നിയമങ്ങള്‍ കൊണ്ടുവരാനും ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ കക്ഷികളുടേയും തൊഴില്‍ സംഘടനകളുടേയും കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് പിന്‍വാങ്ങുകയായിരുന്നു. ഇതാണ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
നോട്ടു നിരോധനവും ജി.എസ്.ടി നടപ്പാക്കലും കാരണം സാമ്പത്തിക മേഖലയ്ക്കുണ്ടായ തളര്‍ച്ചയെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതി മറികടക്കാമെന്ന വിചിത്ര വാദമാണ് കേന്ദ്രം ഉന്നയിക്കുന്നത്. രാജസ്ഥാന്‍ മോഡല്‍ എന്ന ആശയവും ഇതിനായി സാമ്പത്തിക സര്‍വേയില്‍ കേന്ദ്രം മുന്നോട്ടു വെക്കുന്നു. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത ശേഷമുള്ള അഞ്ചു വര്‍ഷത്തിനിടെ രാജസ്ഥാനില്‍ തൊഴില്‍ അവസരങ്ങളും തൊഴില്‍ ശേഷിയും ഗണ്യമായി വര്‍ധിച്ചെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. തൊഴില്‍ നിയമങ്ങള്‍ കര്‍ക്കശമായ സംസ്ഥാനങ്ങളേയും കര്‍ശനമല്ലാത്ത സംസ്ഥാനങ്ങളേയും രണ്ടു തട്ടാക്കി തിരിച്ചുള്ള പട്ടികയും കേന്ദ്രം അവതരിപ്പിക്കുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഫ്‌ളക്‌സിബിള്‍ തൊഴില്‍ നിയമങ്ങള്‍ ഉള്ള സംസ്ഥാനങ്ങളായി പറയുന്നത്. ഈ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ക്കശ തൊഴില്‍ നിയമങ്ങള്‍ ഉള്ള പശ്ചിമബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, കേരളം, ബിഹാര്‍ എന്നിവിടങ്ങളില്‍ തൊഴില്‍ അവസര വളര്‍ച്ച കുറവാണെന്നാണ് കേന്ദ്ര വാദം.
കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ നിയമ ഭേദഗതി നീക്കത്തിനെതിരെ നേരത്തെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ഥിരം തൊഴില്‍ ഇല്ലാതാക്കാനും ഉള്ള സ്ഥിരം തൊഴിലുകള്‍ക്ക് തന്നെ കാലപരിധി വെക്കാനും കരാര്‍ വല്‍ക്കരണം വ്യാപകമാക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള നിര്‍ദിഷ്ട നിയമ ഭേദദതി.
- 5 years ago
chandrika