തിരുവനന്തപുരം: അടൂര്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ താത്ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ മര്‍ദനം നടന്ന സംഭവത്തെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. താത്ക്കാലിക ജീവനക്കാരനായ രാജീവ് ഖാന്‍ ക്വട്ടേഷന്‍ സംഘത്തിന് ക്രമവിരുദ്ധമായി മുറിയെടുത്തു നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് നടപടി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഉത്തരവ് നല്‍കിയത്.
കൊച്ചി കാക്കനാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദിക്കുകയായിരുന്നു. കേസില്‍ 5 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ തട്ടികൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയെ തുടന്ന് നടത്തിയ അന്വേഷണമാണ് രാജീവ് ഖാനെ കുടുക്കിയത്.
പൊലീസ് അന്വേഷണത്തിനിടിയല്‍ പ്രതികള്‍ ലിബിനിന്റെ സഹോദരന്റെഫോണില്‍ വിളിച്ച് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇന്‍ഫോ പാര്‍ക്ക് നടത്തിയ അന്വേഷണത്തില്‍ അടൂര്‍ റസ്റ്റ് ഹൗസിലാണ് അക്രമി സംഘം മുറിയെടുത്തതെന്ന് കണ്ടെത്തി.
ഇന്‍ഫോപാര്‍ക്ക് പൊലീസ് നല്‍കിയ വിവരത്തിന് പിന്നാലെ അടൂര്‍ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിന്‍ വര്‍ഗീസിനെ മോചിപ്പിക്കുയും 3 പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളത്ത് നിന്ന് അടൂര്‍ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് യുവാവ് മൊഴി നല്‍കി. തലയോട്ടിക്ക് അടക്കം പരിക്കേറ്റ ലിബിനിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലം സ്വദേശികളായ പ്രതീഷ്, അക്ബര്‍ ഷാ, പത്തനംതിട്ട സ്വദേശി വിഷ്ണു, എറണാകുളം സ്വദേശികളായ സുബിഷ്, ലിജോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ചിലരുമായി മര്‍ദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു. ഇവരില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വില്‍പ്പന സംഘത്തിന് മറിച്ച് വിറ്റതാണ് തര്‍ക്കത്തിന് കാരണം.