തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുന്നതായി അടൂര്‍ പ്രകാശ് എംപി. സിപിഎം എന്തിനാണ് ഭയക്കുന്നത്. ആര് തെറ്റ് ചെയ്താലും കര്‍ശനമായ നടപടിയുണ്ടാകണം. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വ്വം ശ്രമം നടത്തുന്നുവെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു.
തിരുവനന്തപുരം എസ്പി രാഷ്ട്രീയ ചായ്‌വോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി തവണ വകുപ്പു തല നടപടി നേരിട്ടയാളാണ് എസ്പി. അദ്ദേഹം നേരിട്ടാണ് വെഞ്ഞാറമൂട് സ്‌റ്റേഷന്‍ ഭരിക്കുന്നത്. സിപിഎമ്മാണ് ഇദ്ദേഹത്തെ എസ്പിയാക്കിയത്. ഇപ്പോള്‍ സിപിഎമ്മിന്റെ വക്താവായാണ് എസ്പി പ്രവര്‍ത്തിക്കുന്നത്. എസ്പി വന്നതിന് ശേഷമാണ് ഇത് രാഷ്ട്രീയക്കൊലപാതകമായത്. എസ്പിയെ മാറ്റിനിര്‍ത്തി കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണം.
ഡി കെ മുരളി എംഎല്‍എയുടെ മകനുമായുള്ള സംഘര്‍ഷമാണ് ഇരട്ടക്കൊലയ്ക്ക് തുടക്കമായതെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. കൊലപാതകം നടന്നദിവസം ദുരൂഹമായ പല ഇടപെടലുകളും പൊലീസ് സ്‌റ്റേഷനില്‍ നടന്നിട്ടുണ്ട്. കൃത്യം നടന്നതിന് പിന്നാലെ രാത്രി രണ്ടുമണിയ്ക്ക് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ ചെന്നത് എന്തിനെന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. കൊല്ലപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്ന ഷഹീന്റെ മൊഴി എസ്പിയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് റഹിം അവിടെയെത്തിയത്.മൊഴിയെടുത്തുകൊണ്ടിരുന്ന ഷഹീനെ വിളിച്ചിറക്കി അരമണിക്കൂറോളമാണ് റഹിം സംസാരിച്ചത്. വിശദമായ സ്റ്റഡി ക്ലാസാണ് ഷഹീന് നല്‍കിയതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.