X

ജയ്ശ്രീറാം വിളി കൊലവിളിയാക്കിയതിനെതിരെയാണ് പ്രതികരിച്ചതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ജയ് ശ്രീറാം വിളി കൊലവിളിയാക്കിയതിനെതിരെയാണ് പ്രതികരിച്ചതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തനിക്കിനി അവാര്‍ഡൊന്നും കിട്ടാനില്ലെന്നും വേണമെങ്കില്‍ വല്ല ജിലേബിയും അയച്ചുതരട്ടേയെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് മറുപടിയായി അദ്ദേഹം പറഞ്ഞു. വീടിന് മുന്നുല്‍ ജയ് ശ്രീറാം വിളിക്കുകയാണെങ്കില്‍ താനും കൂടാമെന്നും ചന്ദ്രനിലേക്ക് ടിക്കറ്റ് തന്നാല്‍ പോകാമെന്നും അദ്ദേഹം പറഞ്ഞു. ജയ്ശ്രീറാം വിളി ഇഷ്ടമായില്ലെങ്കില്‍ ചന്ദ്രനിലേക്ക് ടിക്കറ്റെടുത്ത് പോകാനാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന് അറിയാന്‍ വയ്യാത്ത ഒരുകാര്യമുണ്ട്, തനിക്കിനി കിട്ടാന്‍ അവാര്‍ഡൊന്നുമില്ല. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ തനിക്കിനി ഒന്നും പുതിയതായി കിട്ടാനില്ല. അല്ലെങ്കില്‍ വല്ല ആഹാര സാധനങ്ങളോ ജിലേബിയോ വല്ലതും അവിടുന്ന് പാഴ്‌സല്‍ ചെയ്ത് എനിക്ക് അയച്ചുതന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ ന്യൂനപക്ഷങ്ങളെ പശുക്കടത്ത് ആരോപിച്ച് മര്‍ദ്ദിച്ചതിന് ശേഷം ജയ് ശ്രീറാം വിളിപ്പിക്കുകയാണ്. അതിനോട് വ്യക്തിപരമായി വിഷമമുണ്ട്. ഞാന്‍ മതവിശ്വാസിയാണ്. ശ്രീരാമന്‍ ഉത്തമ പുരുഷനാണ്. രാജാവായിട്ട് കണ്ടാല്‍പ്പോലും വലിയ മഹത്പുരുഷനാണ്. അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സഹിക്കാന്‍ പറ്റാത്തതാണ്. ജയ് ശ്രീറാം എന്ന വിളി കൊലവിളിയാക്കിയതിനോടാണ് എതിര്‍പ്പ്. അതിനോടാണ് പ്രതികരിച്ചത്’. ഇത് ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. നേരത്തെ പ്രതികരിക്കാത്തതെന്ത് എന്നാണ് ചോദിക്കുന്നത്. ഞങ്ങള്‍ പ്രതികരണ തൊഴിലാളികളല്ല. മനുഷ്യരുടെ ജീവിതം മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ളത്. സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എല്ലാ പൗരനും ഉള്ളതാണ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ നടക്കുന്നത് സാമുദായിക ലഹളയാകും,രാജ്യത്ത് അരാജകത്വമുണ്ടാകും, അതിന് വലിയ വില കൊടുക്കേണ്ടിവരും. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ട ഒരുപാടുപേര്‍ ശിക്ഷ ലഭിക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അതാകണം ഇവര്‍ക്ക് പ്രചോദനമാകുന്നത്. ഇങ്ങനെയുള്ള കുറ്റങ്ങള്‍ ചെയ്യുന്ന ആള്‍ക്കൂട്ടത്തെ മൊത്തം വധശിക്ഷയ്ക്ക് വിധിക്കേണ്ടതാണ്. എങ്കില്‍മാത്രമേ ഇത് തീരുകയുള്ളൂ’. അദ്ദേഹം പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഒന്നുരണ്ടുപേര്‍ ഫോണില്‍ വിളിച്ചു ക്ഷോഭിച്ചു. ഇതുകേട്ടപ്പോള്‍ ഇവര്‍ക്ക് ഭ്രാന്തായിട്ടുണ്ടെന്ന് തനിക്ക് തോന്നി. അങ്ങനെ വരുന്ന അവസ്ഥ വളരം മോശമാണ്. അങ്ങനെയുള്ളവരോട് ഒന്നും പറയാനില്ല, അങ്ങനെയുള്ളവര്‍ പറയുന്ന അബദ്ധങ്ങള്‍ക്ക് മറുപടിയെന്തിനാണ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.

chandrika: