തിരുവനന്തപുരം: ആറ്റിങ്ങല്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ 1,12,322 പേര്‍ക്ക് ഒന്നിലധികം ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡും ഒന്നിലധികം പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരും നിലവിലുള്ളതായി അന്തിമ വോട്ടര്‍ പട്ടിക പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്.
ഇത് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം മാത്രം പരിശോധിച്ചപ്പോഴുള്ള വിവരമാണ്. ഇതര മണ്ഡലങ്ങളിലെ പട്ടിക കൂടി പരിശോധിക്കുകയും സുക്ഷ്മ പരിശോധന നടത്തുകയും ചെയ്താല്‍ ഇതിലും പതിന്മടങ്ങ് ആളുകള്‍ ഇത്തരത്തില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ട് ചേര്‍ത്ത് ഐ.ഡി കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാനായി ഐ.ഡി സംവിധാനം നിലവില്‍ വന്നപ്പോള്‍ അതിനെ മറികടക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണിത്. ഇതിലൂടെ തെരഞ്ഞെടുപ്പ് പൂര്‍ണമായും അട്ടിമറിക്കാനാവും. ഇതിനെ സംബന്ധിച്ച് വിശദമായ ലിസ്റ്റ് സഹിതമുള്ള പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും വരണാധികാരിക്കും നല്‍കുകയും തുടര്‍ നടപടികള്‍ കൈക്കൊണ്ടു വരികയുമാണെന്ന് അടൂര്‍ പ്രകാശ് അറിയിച്ചു.
- 6 years ago
chandrika