X

‘ദേശീയ ചലച്ചിത്ര പുരസ്‌കാരം ആഭാസമായതിനാലാണ് ബാഹുബലിയൊക്കെ അവാര്‍ഡ് നേടുന്നത്’; അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പുരസ്‌കാരമെന്നത് വെറും ആഭാസമായി മാറിയെന്നും ഈ സമ്പ്രദായം നിര്‍ത്തേണ്ട കാലം കഴിഞ്ഞെന്നും അടൂര്‍ പറഞ്ഞു. ടെലിവിഷന്‍ കലാകാരന്മാരുടെ കൂട്ടായ്മയായ കോണ്‍ടാക്ട് ‘സെന്‍സര്‍ബോര്‍ഡും ഇന്ത്യന്‍ സിനിമയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയാളികളാണ്. എല്ലാ ചുമടുകളും എടുത്തുമാറ്റി സിനിമയെ മോചിപ്പിക്കണമെന്നും അടൂര്‍ പറഞ്ഞു. ദേശീയ പുരസ്‌കാരം ഏര്‍പ്പെടുത്തിയത് എന്തിനാണോ അതിന്റെ ആശയം തന്നെ കടപുഴകിയിരിക്കുകയാണ്. വെറും ആഭാസമായി മാറി. അതിനാലാണ് ‘ബാഹുബലി’യൊക്കെ അവാര്‍ഡ് നേടുന്നത്. ജനാധിപത്യ രാഷ്ട്രത്തിന് ചേരാത്ത സെന്‍സറിംഗ് പൂര്‍ണമായി എടുത്തുകളയണം. സിനിമയില്‍ മാത്രമല്ല, നാടകത്തിലും മാധ്യമപ്രവര്‍ത്തനത്തിലും പ്രസംഗത്തിലുമൊന്നും നിയന്ത്രണങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ശ്രീറാം വിളി കൊലവിളിയാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി മോദിക്കെതിരെ അടൂര്‍ മറ്റു സംവിധായകരും കത്തെഴുതിയിരുന്നു. ഇതിനെതിരെ ബി.ജെ.പി രംഗത്തെത്തുകയും അടൂരിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

chandrika: