X

കൗമാരക്കാരുടെ ലൈംഗിക പ്രേരണ നിയന്ത്രിക്കണം; മാര്‍ഗനിര്‍ദേശവുമായി കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: കൗമാരക്കാരുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കുന്നതിനായി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ജസ്റ്റിസുമാരായ ചിത്തരഞ്ജന്‍ ദാസ്, പാര്‍ത്ഥസാരഥി സെന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് സെഷന്‍സ് കോടതി വിധി റദ്ദാക്കുകയും പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗിക ബന്ധം സംബന്ധിച്ച നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് സ്‌കൂളുകളില്‍ സമഗ്ര ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുമായി തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ബന്ധത്തിലായതെന്നും പിന്നീട് വിവാഹം ചെയ്തതെന്നും പെണ്‍കുട്ടി വിചാരണക്കിടെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 18ന് താഴെ പ്രായമുള്ളവരുടെ സമ്മതം നിയമപരമായി അംഗീകരിക്കില്ല. പ്രായപൂര്‍ത്തിയാവാത്തവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പോക്‌സോ നിയമപ്രകാരം ബലാത്സംഗ കുറ്റവുമാണ്. ലൈംഗിക ആഗ്രഹങ്ങള്‍ നിയന്ത്രിക്കണമെന്നും രണ്ട് മിനിറ്റ് നേരത്തെ സന്തോഷത്തിനായി ഇത് അനുവദിക്കരുതെന്നും പെണ്‍കുട്ടിയോട് കോടതി ആവശ്യപ്പെട്ടു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ മാന്യതയെ ആദരിക്കുകയും അതിനായി മനസ് പാകപ്പെടുത്തുകയും വേണമെന്നും കോടതി ആവശ്യപ്പെട്ടു.

webdesk11: