X

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ആത്മഹത്യ ചെയ്ത എ.ഡി.എമ്മിനെക്കുറിച്ച് ഡിപ്പാർട്‌മെന്റിനോ വകുപ്പ് മന്ത്രിക്കോ പൊതുജനത്തിനോ യാതൊരു പരാതിയുമില്ല. സി.പി.എം നേതാക്കളുടെ മനുഷ്യത്വ രഹിതമായ ഇടപെടൽ കാരണം ഉദ്യോഗസ്ഥർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നാട്ടിലുള്ളത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമുണ്ടാകും. എ.ഡി.എമ്മിന്റെ മരണത്തിന് കാരണക്കാരായ ആരൊക്കെയുണ്ടോ അവർക്കെല്ലാം എതിരെ അന്വേഷണവും ശക്തമായ നടപടിയും വേണം.- പി.എം.എ സലാം പറഞ്ഞു.

അധികാരത്തിലെത്തിയാൽ സി.പി.എം നേതാക്കൾക്ക് പൊതുവെ ഉള്ള ധാർഷ്ട്യം തന്നെയാണ് എ.ഡി.എമ്മിന്റെ കാര്യത്തിലും സംഭവിച്ചത്. തന്നെ ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തിലേക്ക് കയറിച്ചെന്ന് എ.ഡി.എമ്മിനെ അധിക്ഷേപിച്ച ദിവ്യ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണ്. യാതൊരു തെളിവുമില്ലാതെ ഒരു ഉദ്യോഗസ്ഥനെ കൈക്കൂലിക്കാരൻ എന്ന് വിശേഷിപ്പിച്ചാൽ സത്യസന്ധമായി പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥന് അത് സഹിക്കാൻ കഴിയണമെന്നില്ല. പൊതുമധ്യത്തിൽ അപമാനിതനായതിന്റെ മനോവേദനയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അതുകൊണ്ട് തന്നെ ഈ ആത്മഹത്യയുടെ ഉത്തരവാദിത്തം ദിവ്യക്കുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ ഒരു നിമിഷം പോലും ഇരിക്കാനുള്ള യോഗ്യത ദിവ്യക്കില്ലെന്നും പി.എം.എ സലാം പറഞ്ഞു.

webdesk14: