X

ലക്ഷദ്വീപില്‍ ജനവിരുദ്ധ പരിഷ്‌കാരവുമായി അഡ്മിനിസ്ട്രേറ്റര്‍; സ്‌കൂള്‍ യൂണിഫോമില്‍ ഹിജാബിന് വിലക്ക്

ലക്ഷദ്വീപില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് തടയാന്‍ നിശ്ചിത യൂണിഫോം കര്‍ശനമാക്കി പുതിയ ഉത്തരവ്. കഴിഞ്ഞ അധ്യയനവര്‍ഷം യൂണിഫോം നിര്‍ബന്ധമാക്കിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അതോടെ യൂണിഫോമിനൊപ്പം തലയില്‍ ഹിജാബ് ധരിക്കാന്‍ വാക്കാല്‍ നല്‍കിയ അനുവാദമാണ് പുതിയ ഉത്തരവോടെ ഇല്ലാതായത്. ഉത്തരവില്‍ പറയാത്ത ഒരുവസ്ത്രവും യൂണിഫോമിനൊപ്പം ധരിക്കുന്നില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും പ്രധാന അധ്യാപകരും ഉറപ്പാക്കണമെന്ന് അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ ഡയറക്ടര്‍ വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു.

ഈ അധ്യയനവര്‍ഷം ആദ്യമായി ദ്വീപ് സന്ദര്‍ശിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വിദ്യാര്‍ഥിനികള്‍ യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്‌കൂളുകളില്‍ വരുന്നത് കണ്ടപ്പോഴാണ് അത് അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഹിജാബ് വിലക്കണമെങ്കില്‍ അതുസൂചിപ്പിച്ച് കര്‍ശന നിര്‍ദേശമുള്ള ഉത്തരവ് വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെയാണ് പുതുക്കിയ ഉത്തരവിറക്കിയത്. ഇതില്‍ പ്രീ -സ്‌കൂള്‍മുതല്‍ അഞ്ചാംക്ലാസ്വരെയും ആറുമുതല്‍ 12-ാംക്ലാസുവരെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ധരിക്കേണ്ട യൂണിഫോമിന്റെ വിശദവിവരമുണ്ട്. അതില്‍ ഹിജാബ് ഇല്ല.

പെണ്‍കുട്ടികള്‍ക്ക് വെള്ള കുര്‍ത്തയും നീല പൈജാമയും നീല ഹിജാബുമായിരുന്നു യൂണിഫോം. ആണ്‍കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും നീല പാന്റുമായിരുന്നു. പുതിയ ഉത്തരവില്‍ നീലയ്ക്കുപകരം ആകാശനീലയും വെള്ളയ്ക്കുപകരം ചെക്ക് ഡിസൈനുമാക്കി. പെണ്‍കുട്ടികളുടെ ഹിജാബും ഒഴിവാക്കി.

 

webdesk14: