റഹൂഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി(മലപ്പുറം): ലഹരിക്കെതിരെ നാടൊട്ടുക്കും വിവിധ പരിപാടികളുമായി സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും കാമ്പയിന്‍ നടത്തുമ്പോള്‍ വ്യത്യസ്ഥമായ കളികളിലൂടെ ഒഴിവ് സമയം ചിലവഴിക്കാന്‍ സ്‌കൂളില്‍ മള്‍ട്ടിപ്പിള്‍ റിക്രിയേഷന്‍ ക്ലബ് എന്ന പേരില്‍ തികച്ചും വേറിട്ട പദ്ധതിയൊരുക്കി ശ്രദ്ധേയനായിരിക്കുകയാണ് മങ്കട പള്ളിപ്പുറത്തെ മേമന ഷഹൂദലി.
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം, പുകവലി, മൊബൈല്‍ അഡിക്ഷന്‍ തുടങ്ങിയ സാമൂഹ്യ വിപത്തിനെതിരെ നടപ്പിലാക്കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ഗ്ഗത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് കളികളിലൂടെ സമയം ചിലവഴിക്കാന്‍ പറ്റുന്ന രീതിയില്‍ സൗകര്യമൊരുക്കുക എന്ന ആശയം സ്‌പോര്‍ട്‌സ്മാനും മുന്‍ കായികാധ്യാപകനും പോലീസ് വകുപ്പ് ജീവനക്കാരനുമായ ഷഹൂദലിയുടെ മനസ്സില്‍ ഉയര്‍ന്നു വന്നത്. മങ്കട പള്ളിപ്പുറം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് മുറികള്‍ പി.ടി.എ പ്രസിഡന്റ് വി.മന്‍സൂര്‍ മുന്‍കയ്യെടുത്ത് വിട്ടുനല്‍കുകയും ചെയ്തതോടെ പദ്ധതി പ്രാവര്‍ത്തികമാക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ബുദ്ധിവികാസവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുതകുന്നതോടൊപ്പം ഇഞ്ചുറിയില്ലാത്ത കായിക വിനോദം എന്ന പ്രത്യേകതയുള്ള ടേബിള്‍ ഗെയിംസ് ഇനങ്ങളായ ചെസ്സ്, ടേബിള്‍ ടെന്നീസ്, 8 ബോള്‍ പൂള്‍സ്,സ്ട്രിങ് ഹോക്കി,മൂണ്‍ ഗെയിം,ബെക്കാമെന്‍ ഗെയിം, സ്‌ജോല്‍ബാക്ക് ഗെയിം, ക്യുച് ഗെയിം, ഡാഷ്ഗുട്ടി ഗെയിം, പൊങ്ഹൗ കി ഗെയിം, ഷിസിമ ഗെയിം, ചക്രവ്യൂഹം, കാഊവ ഗെയിം, ലൗകട്ടാ കതി,വാട്ടര്‍ മെലണ്‍ ചെസ്സ്, ഫൈവ് ഫീല്‍ഡ് കോണോ,
ടപാടാന്‍, കോണ്‍ ഹോള്‍ ഗെയിം, തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഇരുപത്തഞ്ചോളം പുരാതന ടേബിള്‍ ഗെയിംസുകള്‍ അടങ്ങിയതാണ് റിക്രീയേഷന്‍ റൂം. സ്‌കൂളിലെ കേടായ ഫര്‍ണീച്ചറുകളും മറ്റും ഉപയോഗിച്ച് ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലബ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.
കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു സ്‌കൂളില്‍ ഇത്തരം മള്‍ട്ടി ടേബിള്‍ ഗെയിംസ് സൗകര്യമുള്ള ക്ലബ് ഒരുക്കിയിട്ടുള്ളത് എന്നും ഗെയിം കളിക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുമെന്നും ഷഹൂദലി പറഞ്ഞു. മങ്കട പള്ളിപ്പുറത്തെ പരേതനായ മേമന അലവിയുടെയും ഖദീജയുടെയും മകനും മുന്‍ കായികാധ്യാപകനുമായ ഷഹൂദലി കേരള പോലീസില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനും കായിക രംഗത്ത് ജില്ലാ സംസ്ഥാന ദേശീയ തലത്തില്‍ നിരവധി നേട്ടങ്ങളുടെ ഉടമയുമാണ്. റിക്രിയേഷന്‍ ക്ലബിന്റ ഉദ്ഘാടനവും ഷഹൂദലിയെ ആദരിക്കലും കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം . കെ. റഫീഖ നിര്‍വ്വഹിച്ചു.