തലശ്ശേരി: നവീൻബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനു തന്നെ ക്ഷണിച്ചത് ജില്ലാ കലക്‌ടർ അരുൺ കെ.വിജയനാണെന്നു ദിവ്യ കോടതിയിൽ. അനൗപചാരികമായാണു ക്ഷണിച്ചത്. യാത്രയപ്പ് ചടങ്ങിന് ഉണ്ടാകില്ലേ എന്നാണു കലക്ടർ ചോദിച്ചതെന്നും ദിവ്യ അറിയിച്ചു. യോഗത്തിനു വരുമെന്നു കലക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തിൽ തന്നെ സംസാരിക്കാൻ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു.
അതേസമയം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രോസിക്യൂഷന്‍. യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടേത് വ്യക്തമായ ഭീഷണി സ്വരമാണ്. രണ്ടുദിവസത്തിനകം കാണാമെന്ന് ദിവ്യ പറഞ്ഞത് അതാണ്. പി പി ദിവ്യ എഡിഎമ്മിനെ വ്യക്തിഹത്യ നടത്തി. സ്വന്തം കുടുംബത്തെപ്പറ്റി കോടതിയില്‍ പറയുന്ന പി പി ദിവ്യ, അപ്പോൾ നവീന്‍ ബാബുവിന്റെ കുടുംബത്തെപ്പറ്റി എന്തു പറയുമെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഗവണ്‍മെന്റ് പ്ലീഡര്‍ കെ അജിത് കുമാര്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് വാദം കേൾക്കാനും റിപ്പോർട്ടിനുമായി ഇന്നത്തേക്കു വയ്ക്കുകയായിരുന്നു. ജാമ്യാപേക്ഷയെ എതിർത്തു കക്ഷിചേരാൻ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കു വേണ്ടി അഡ്വ. പി.എം.സജിത വക്കാലത്ത് നൽകിയിരുന്നു.