ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നേരിട്ട ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരികെയെടുത്തു. ഇത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസാണ് ഉത്തരവിറക്കിയത്. ഇതോടെ ഉപ്പുതറ കണ്ണംപടി സ്വദേശി സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടപടി നേരിട്ട മുഴുവന്‍ ഉദ്യോഗസ്ഥരും സര്‍വീസില്‍ തിരികെ കയറി. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പാണ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തത്.
ഇതേ കേസില്‍ സസ്‌പെന്‍ഷന്‍ നേരിട്ട മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ നേരത്തെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഇയാളടക്കം ആകെ 7 പേരാണ് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടത്.
ഓട്ടോയില്‍ കാട്ടിറച്ചി കടത്തിക്കൊണ്ടു വന്ന് വില്‍പന നടത്തി എന്നാരോപിച്ച് കഴിഞ്ഞ സെപ്തംബര്‍ 20നാണ് സരുണ്‍ സജിയെ കിഴുക്കാനം ഫോറസ്റ്റര്‍ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ ആര്‍ ഷിജിരാജ്, വി.സി ലെനിന്‍, െ്രെഡവര്‍ ജിമ്മി ജോസഫ് വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുലും കേസിലെ പ്രതിയാണ്.
തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുണ്‍ സജി എസ്.സി എസ്.ടി കമ്മിഷന് പരാതി നല്‍കിയതാണ് വഴിത്തിരിവായത്. കുമളിയില്‍ നടന്ന സിറ്റിംഗില്‍ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ് മാവോജി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെ പട്ടിക ജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തി 13 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നത്.