ലക്‌നൗ: ഉത്തര്‍പ്രദേശ് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നല്‍കിയ ഒരുലക്ഷം രൂപയുടെ ചെക്ക് മടങ്ങി. പത്താംക്ലാസ് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് ലഭിച്ച ചെക്കാണ് മടങ്ങിയത്. ഇതോടെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ബാങ്കില്‍ പിഴയടക്കേണ്ട ദുര്‍ഗതിയുമുണ്ടായി.
പത്താംക്ലാസ് പരീക്ഷയില്‍ 93.5 ശതമാനം മാര്‍ക്ക് നേടിയ അലോക് മിശ്രക്കാണ് അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപഹാരം നല്‍കിയത്. ഒരു ലക്ഷം രൂപയുടെ ചെക്കും ലക്‌നൗവില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി നല്‍കി. എന്നാല്‍ ചെക്ക് ബാങ്കില്‍ നിക്ഷേപിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ചെക്ക് മടങ്ങിയതായി അറിയിപ്പ് ലഭിക്കുകയായിരുന്നു.
ചെക്കിലുണ്ടായിരുന്ന ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടറുടെ ഒപ്പിലെ വൈരുദ്ധ്യമാണ് ചെക്ക് മടങ്ങാന്‍ കാരണമായത്. ഇതോടെ ഇവര്‍ക്ക് ബാങ്കില്‍ പിഴയടക്കേണ്ടിയും വന്നു. സംഭവം വിവാദമായതോടെ അധികൃതര്‍ വിദ്യാര്‍ത്ഥിക്ക് പകരം ചെക്ക് നല്‍കി പ്രശ്‌നം പരിഹരിച്ചു. സംഭവം ഗൗരവതരമാണെന്നും നടപടി എടുക്കുമെന്നും അറിയിച്ച ഉദ്യോഗസ്ഥര്‍ മറ്റ് ചെക്കുകളിലെ ഒപ്പില്‍ വൈരുദ്ധ്യം സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രിയില്‍ നിന്നും പാരിതോഷികം ലഭിച്ചതില്‍ വളരെ അധികം സന്തോഷിച്ചിരുന്നു. എന്നാല്‍ ചെക്ക് മടങ്ങിയതോടെ ചെറിയ വിഷമം ഉണ്ടായതായും അലോക് പറഞ്ഞു. പാരിതോഷികം ലഭിച്ച ഒരു വിദ്യാര്‍ത്ഥിക്കുമാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചത്.