X

യു.പിയില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം; പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

മീററ്റ്: ഉത്തര്‍ പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബിജ്‌നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം ഗ്രാമത്തില്‍ പശുക്കളെ മോഷ്ടിക്കാനെത്തിയെന്നാരോപിച്ചാണ് ഗ്രാമീണര്‍ ഇവര്‍ക്കെതിരെ അക്രമം നടത്തിയത്. എന്നാല്‍ മൂന്നു പേര്‍ രക്ഷപ്പെട്ടെങ്കിലും ഒരാളെ ജനക്കൂട്ടം പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പ്രദേശത്തെ താമസക്കാരായ ബ്രഹ്മാലും ഭാര്യയും രാവിലെ അസാധാരണ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ നാലംഗ സംഘം തങ്ങളുടെ പശുക്കളെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇവര്‍ സഹായത്തിനായി സമീപവാസികളെ സമീപിക്കുകയായിരുന്നു. ജനക്കൂട്ടം എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാളെ ഗ്രാമീണര്‍ പിടികൂടുകയുമായിരുന്നു. ഗ്രാമീണര്‍ക്കു നേരെ വെടിയുതിര്‍ത്താണ് മറ്റു മൂന്നു പേര്‍ രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പിടികൂടിയ നസീര്‍ എന്ന യുവാവിനെ ഗ്രാമീണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി അംറോഹ പൊലീസ് സൂപ്രണ്ട് ശിവ സിംപി ചെനപ്പ അറിയിച്ചു. രാംപൂര്‍ ജില്ലയിലെ സികാംപൂര്‍ മിലാക് സ്വദേശിയായ നസീറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

chandrika: