X
    Categories: indiaNews

രണ്ടാമൂഴത്തില്‍ ആദിത്യനാഥ്; കുതിപ്പിലും കിതച്ച് അഖിലേഷ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച നേടി ബി.ജെ.പി. ആകെയുള്ള 403 സീറ്റുകളില്‍ 270 സീറ്റുകളുമായാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സഖ്യം അധികാരത്തുടര്‍ച്ച നേടിയത്. ബി.ജെ.പി 254 സീറ്റുകളും എ.ഡി.എസ് 12 സീറ്റുകളും നിഷാദ് പാര്‍ട്ടി അഞ്ചു സീറ്റുകളും നേടി. 2017ലെ തിരഞ്ഞെടുപ്പിനേക്കാളും 58 സീറ്റുകള്‍ കുറഞ്ഞെങ്കിലും അധികാരം നിലനിര്‍ത്താനായത് ബി.ജെ.പിക്ക് വലിയ നേട്ടമാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടി സഖ്യം 128 സീറ്റുമായി മുഖ്യപ്രതിപക്ഷമായി മാറി. എസ്.പിയ്ക്ക് തനിച്ച് 113 സീറ്റുകളാണ് ലഭിച്ചത്. 2017നെ അപേക്ഷിച്ച് 65 സീറ്റുകള്‍ കൂടുതലാണിത്.

എസ്.പിയുടെ സഖ്യ കക്ഷിയായ ആര്‍.എല്‍.ഡി ഒമ്പത് സീറ്റുകള്‍ നേടി. ഇത്തവണ എട്ടു സീറ്റുകളാണ് പാര്‍ട്ടി കൂടുതല്‍ നേടിയത്. എസ്.ബി.എസ്.പി.എ ഒമ്പത് സീറ്റുകളും നേടി. അതേ സമയം കഴിഞ്ഞ തവണ ഏഴു സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ രണ്ടില്‍ ഒതുങ്ങി. അതേ സമയം ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. മുന്‍ ഭരണ കക്ഷിയായ ബി.എസ്.പിയ്ക്കാണ്. കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന ബി.എസ്.പി ഇത്തവണ ഒറ്റ സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടാമൂഴം ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം ബിജെപി നേതൃനിരയിലാര് എന്ന ചോദ്യത്തിന് ശക്തമായ ഉത്തരമാകുകയാണ് അജയ് സിങ്് ബിഷ്ട് എന്ന യോഗി ആദിത്യനാഥ്.

യോഗിക്ക് എതിരെ നേര്‍ക്ക് നേര്‍ പോരാട്ടം നടത്തിയാണ് അഖിലേഷ് ഒടുവില്‍ ജനവിധിക്ക് മുമ്പില്‍ കീഴടങ്ങുന്നത്. വീണ്ടും അധികാരത്തല്‍ എത്തിയാല്‍ ക്രമസമാധാന പ്രശ്‌നം വഷളമാകുമെന്ന ബിജെപി പ്രചാരണവും എസ്.പിയുടെ ചിഹ്നം ഭീകരവാദികളുടെ ചിഹ്നമാണെന്നതും കടുത്ത വര്‍ഗീയ പ്രചാരണവും താഴെത്തട്ട് മുതല്‍ സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി. എന്നാല്‍ ബിജെപി വോട്ടുകളിലെ അടിയൊഴുക്കുകള്‍ പ്രതിപക്ഷ നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. യോഗി ഭരണത്തിനൊപ്പം മോദി സര്‍ക്കാരിനെയും കടന്നാക്രമിച്ചായിരുന്നു അഖിലേഷിന്റെ പ്രചാരണം. വികസനവും ഭരണവിരുദ്ധ വികാരവും ആളിക്കത്തിക്കാന്‍ ശ്രമിച്ചു അഖിലേഷ്. എന്നാല്‍ ബിജെപി പ്രചാരണങ്ങള്‍ക്ക് തടയിടാന്‍ എസ്പിയിലെ സംഘടനാ സംവിധാനം പലപ്പോഴും കിതച്ചു. പടിഞ്ഞാറന്‍ മേഖലയില്‍ ആര്‍എല്‍ഡി നല്‍കിയ മുന്‍തൂക്കത്തിനപ്പുറം മറ്റിടങ്ങളില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു. കളത്തില്‍ ഇല്ലാതിരുന്ന ബിഎസ്പി വോട്ടുകള്‍ ഒപ്പംനിര്‍ത്താനായില്ല. എസ്പി വന്നാല്‍ ‘ഗുണ്ടാരാജ്’ എന്ന ആരോപണം യാദവ വോട്ടര്‍മാര്‍ പോലും ശരിവച്ചു.

യോഗിയുടെ കേരള വിരുദ്ധ പരാമര്‍ശത്തിലെ എതിര്‍പ്പ് ഗുണമായില്ല. ആദ്യഘട്ടങ്ങളിലെ പോളിങ്ങില്‍ വോട്ടിങ് ശതമാനത്തില്‍ വലിയ മാറ്റം ഉണ്ടാക്കാനാകാത്തതും തിരിച്ചടിയായി. വികസന വിഷയങ്ങളേക്കാള്‍ രാമക്ഷേത്ര നിര്‍മ്മാണവും ക്ഷേത്ര വികസനവും വോട്ടായി. അങ്ങനെ ഇത്തവണയും ഹിന്ദുത്വ തരംഗത്തില്‍ അഖിലേഷിന് കാലിടറി. ഹിന്ദു-മുസ്്‌ലിം നരേറ്റീവ് സമര്‍ത്ഥമായി ബി.ജെ.പി പ്രചാരണത്തില്‍ ഉപയോഗിച്ചപ്പോള്‍ പലപ്പോഴും പ്രതിരോധിക്കാനാവാതെ അഖിലേഷ് പതറുകയും ഇതെല്ലാം ബി.ജെ.പിക്ക് അനുകൂലമായി മാറുകയും ചെയ്തു. വലിയ രൂപത്തില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കാനായെങ്കിലും വോട്ടാക്കി പരിണമിക്കുന്നതില്‍ കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ പാര്‍ട്ടി ദയനീയ അവസ്ഥയിലേക്ക്് വീണു. മായവാതിയുടെ ബി.എസ്.പിയാണ് യു.പി ചിത്രത്തില്‍ നിന്നും പൂര്‍ണമായും മങ്ങിയത്. കേവലം ഒരു സീറ്റാണ് ബി.എസ്.പിയ്ക്ക് കിട്ടിയത്. ഇതോടെ മുന്‍ ഭരണ കക്ഷിയായ ദലിത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാവി തന്നെ യു.പിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

Test User: