സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 കുതിച്ചുയര്‍ന്നു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 11.50നാണ് ആദിത്യ എല്‍1നെയും വഹിച്ച് പിഎസ്എല്‍വി സി 57 കുതിച്ചുയര്‍ന്നത്. ഇതിനായുള്ള കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്.
നാല് മാസമെടുത്താകും പേടകം ഹാലോ ഭ്രമണപഥത്തിലെത്തുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണ ബലം സന്തുലിതമായ ഈ പോയിന്റില്‍ നിന്നാകും ആദിത്യ എല്‍1 സൂര്യനെ പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകള്‍ ഭാഗം ചൂടാകുന്നതും, അത് സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
സൂര്യന്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉള്‍പ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. സൂര്യന്റെ റേഡിയേഷനും കാന്തിക വികിരണങ്ങളും ഭൂമിയെ ബാധിക്കുന്നതിന് മുമ്പ് പഠിക്കാനും അറിയാനും ഈ ദൗത്യത്തിലൂടെ സാധിക്കും. സൂര്യന്റെ പുറംഭാഗത്തെ കുറിച്ചുള്ള പഠനത്തോടൊപ്പം അത് ഭൂമിയുടെ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നും പഠന വിധേയമാക്കും.