X
    Categories: indiaNews

റിയ ചക്രബര്‍ത്തി ബംഗാളി ബ്രാഹ്മിണ്‍; അറസ്റ്റ് പരിഹാസ്യമെന്നും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തെ തുടര്‍ന്നുള്ള മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അധികര്‍ രഞ്ജന്‍ ചൗധരി. റിയയുടെ അറസ്റ്റ് പരിഹാസ്യമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബംഗാളി ബ്രാഹ്മിണ സ്ത്രീയാണ് റിയ ചക്രബര്‍ത്തി എന്നും അധിര്‍ രഞ്ജന്‍ ചൗധരി ട്വിറ്റ് ചെയ്തു. കേസില്‍ രണ്ടു ദിവസം മുമ്പാണ് റിയ അറസ്റ്റിലാവുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബി.ജെ.പി സുശാന്ത് സിങ് രജ്പുതിനെ ബീഹാറി നടനാക്കി മാറ്റുകയാണ്. റിയയുടെ പിതാവ് ഒരു മുന്‍ സൈനിക ഉദ്യോഗസ്ഥനാണ്, രാഷ്ട്രത്തെ സേവിച്ച വ്യക്തിയാണ്. റിയ ഒരു ബംഗാളി ബ്രാഹ്മണ വനിതയാണ്, നടന്‍ സുശാന്ത് രജ്പുത്തിനോടുള്ള നീതി ഒരു ബീഹാറിക്ക് മാത്രം ലഭിക്കേണ്ട നീതിയായി മാറ്റരുത്. അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത് ഒരു ഇന്ത്യന്‍ നടനായിരുന്നു, എന്നാല്‍ ബി.ജെ.പി അദ്ദേഹത്തെ ഒരു ബീഹാരി നടനാക്കി, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള അവരുടെ കളി മാത്രമാണ് ഇതെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ബി.ജെ.പിയുടെ ബീഹാര്‍ യൂണിറ്റ് ജസ്റ്റിസ് ഫോര്‍ സുശാന്ത് സിംഗ് രജ്പുത് പോസ്റ്ററുകളും ബാനറുകളും പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബീഹാറില്‍ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമായ നിതീഷ് കുമാര്‍ സര്‍ക്കാര്‍ സുശാന്ത് സിംഗ് രജപുത് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയതിന്റെ ക്രഡിറ്റ് സ്വന്തം ഏറ്റെടുക്കുകയാണെന്നും ചൗധരി പറഞ്ഞു.

സുശാന്ത് സിങ്ങിന് മാത്രമല്ല റിയ ചക്രവര്‍ത്തിയുടെ പിതാവിനും തന്റെ മക്കള്‍ക്ക് നീതി വേണമെന്ന് പറയാന്‍ അവകാശമുണ്ട്. എല്ലാവര്‍ക്കും നീതി ലഭിക്കുക എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് മാധ്യമ വിചാരണയെന്നും ചൗധരി പറഞ്ഞു.

‘റിയ ചക്രബര്‍ത്തിക്കെതിരെ ആത്മഹത്യ, കൊലപാതകം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ ചുമത്തിയിട്ടില്ല. എന്‍.ഡി.പി.എസ് (നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് ലഹരിവസ്തു നിയമം) ചുമത്തി ഇവരെ അറസ്റ്റ് ചെയ്ത നടപടി പരിഹാസ്യമാണ്. രാഷ്ട്രീയ മേലധികാരികളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കമാണ് ഇതിന് പിന്നില്‍. മയക്കുമരുന്ന് ഇടപാട് നടന്നതായി അവര്‍ കണ്ടെത്തി. എന്നാല്‍ കൊലപാതകി ആരാണെന്ന് തിരിച്ചറിയാന്‍ അവര്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്, ചൗധരി പറഞ്ഞു.

 

chandrika: