X

മായാവതിയില്ലെങ്കില്‍ മമത; പശ്ചിമബംഗാളില്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് – തൃണമൂല്‍ സഖ്യ സാധ്യതകള്‍ സജീവമാക്കി പി.സി.സി നേതൃസ്ഥാനത്ത് അഴിച്ചുപണി. ആദിര്‍ രഞ്ജന്‍ ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ ബംഗാള്‍ പി.സി.സി അധ്യക്ഷനായി എ.ഐ.സി.സി നേതൃത്വം നിയമിച്ചു. ആദിര്‍ രഞ്ജന്‍ ചൗധരിയെ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റി തലവനായും നിയോഗിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായി എ.ഐ.സി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പും മുന്നില്‍കണ്ടാണ് കോണ്‍ഗ്രസിന്റെ പുതിയനീക്കം. രണ്ട് തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടി പഴയ പ്രതാപ കാലം തിരിച്ചുപിടിക്കുകയാണ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പിലുള്ള പ്രധാന ദൗത്യം. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും മഹാസഖ്യങ്ങള്‍ രൂപീകരിക്കാനും കോണ്‍ഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞതാണ്. എന്നാല്‍ ബിഎസ്പി അധ്യക്ഷ മായാവതിയെ പോലുള്ള ചില നേതാക്കള്‍ ഉടക്കിട്ട് രംഗത്തുണ്ട്.

ഇതിനിടെയാണ് ബംഗാളില്‍ മമതാ ബാനര്‍ജിയുമായുള്ള സഖ്യത്തിന് വാതില്‍ തുറന്നുള്ള രാഹുലിന്റെ പുതിയ നീക്കം. ഉത്തര്‍ പ്രദേശ് കഴിഞ്ഞാല്‍ കൂടുതല്‍ പാര്‍ലമെന്റെ മെമ്പര്‍മാര്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. സംഖ്യ നീക്കങ്ങളിലൂടെ സംസ്ഥാനത്ത് നിന്നും കഴിയുന്നയത്ര കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ലമെന്റില്‍ എത്തിക്കുകയാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നത്‌

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ക്കുന്ന പ്രധാന നേതാവായിരുന്നു പി.സി.സി അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചൗധരിക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് – തൃണമൂല്‍ സഖ്യ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പി.സി.സി അധ്യക്ഷ പദവിയില്‍ അഴിച്ചു പണി നടത്തി കോണ്‍ഗ്രസിന്റെ ചുവടുവെപ്പെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. സി.പി.എമ്മുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടാണ് ആദിര്‍ രഞ്ജന്‍ ചൗധരി സ്വീകരിച്ചിരുന്നത്. അഹു ഹസീം ഖാന്‍ ചൗധരിയുടേയും മൗസം നൂറിന്റെയും നേതൃത്വത്തിലുള്ള മറുപക്ഷം തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന നിലപാടാണ് പ്രകടിപ്പിച്ചിരുന്നത്.

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം തീരെ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടുക എന്ന ലക്ഷ്യത്തോടെയിറങ്ങുന്ന കോണ്‍ഗ്രസിന് ഇടതുപക്ഷവുമായുള്ള സഖ്യം വലിയ ഗുണം ചെയ്യില്ലെന്ന് രാഹുലിന്റെ കണക്കുകൂട്ടല്‍. പകരം മമതാ ബാനര്‍ജിയുമായുള്ള സഖ്യമായിരിക്കും ഗുണം ചെയ്യുകയെന്നും കരുതുന്നു. ഈ സാഹചര്യം കണക്കിലെടുത്താനാണ് നേതാക്കളുടെ സ്ഥാനചലനം സംഭവിക്കുന്നത്. ചൗധരിക്ക് പകരം വന്ന സോമേന്ദ്രനാഥ് മിത്ര തൃണമൂലുമായി സമവായത്തിന്റെ പാത സ്വീകരിക്കുന്നയാളാണ്.
ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ ബദലിന് ശ്രമിക്കുന്ന നേതാവാണ് മമതാ ബാനര്‍ജി. രാഹുല്‍ ഗാന്ധിയും ഇതേ ലക്ഷ്യവുമായി നീങ്ങുന്ന വ്യക്തിയാണ്. എന്നാല്‍ ഇരുവര്‍ക്കും സഹകരിച്ച് നീങ്ങിയാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഇതിനുള്ള വഴി ഒരുക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നത്.

chandrika: