X

പിണറായി പൊലീസിന്റെ അധികാര നായാട്ട്-എഡിറ്റോറിയല്‍

പൊലീസ് സംവിധാനം എങ്ങനെ ആകരുത് എന്നതിന്റെ മികച്ച ഉദാഹരണമാണ് പിണറായി കാലത്തെ പൊലീസ്. തുടര്‍ച്ചയായ ആരോപണങ്ങളില്‍ നാണംകെട്ട് മുഖം വികൃതമായ അവസ്ഥയിലാണ് കേരള പൊലീസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും സ്വന്തം ചെയ്തികള്‍കൊണ്ട് പൊലീസ് ഒരുപാട് പഴി കേട്ടതാണ്. അതുതന്നെ ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ഈ സര്‍ക്കാറിലും കാണാനാകുന്നത്. പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടെന്നു മുഖ്യമന്ത്രി ഊറ്റം കൊള്ളുന്നതിനിടെയാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന സംഭവങ്ങളുടെ പരമ്പര അരങ്ങേറുന്നത്. ഒരാഴ്ചക്കിടെ പത്തോളം സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേസുകള്‍ അട്ടിമറിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലുകള്‍ ഉള്‍പ്പെടെ മറ്റു സംഭവങ്ങളുമുണ്ടായി. നാണക്കേടുണ്ടാക്കിയ പൊലീസുകാരുടെ മാമ്പഴ മോഷണം, മാല മോഷണം തുടങ്ങിയവ മുതല്‍ എം.ഡി.എം.എ പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ തയാറാകാത്തതിന് സഹോദരങ്ങള്‍ക്ക് നേരെയുണ്ടായ മൂന്നാംമുറ പ്രയോഗം വരെ നീളുന്നു പൊലീസിന്റെ വിക്രിയകള്‍. മൂന്നാംമുറ അവസാനിച്ചെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍തന്നെയാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അരങ്ങേറുന്നത്. പത്ത് വയസ്സുകാരനായ മകന്റെ മുന്നില്‍ സ്ത്രീയോട് പൊലീസ് കാണിച്ച പരാക്രമങ്ങളും സമാനതകളില്ലാത്തതാണ്. കോതമംഗലത്തും മലപ്പുറത്തും മണ്ണാര്‍ക്കാടും വിദ്യാര്‍ഥികളെ അകാരണമായി മര്‍ദിക്കല്‍, മഞ്ചേരിയില്‍ സ്ത്രീയെ കുട്ടിയുടെ മുന്നില്‍വെച്ച് വലിച്ചിഴച്ച് കൊണ്ടുപോയത്, കൊല്ലം കിളികൊല്ലൂരില്‍ സൈനികനും സഹോദരനും നേരെയുണ്ടായ മൂന്നാംമുറ പ്രയോഗം അങ്ങനെ നീളുന്നു പിണറായി പൊലീസിന്റെ പരാക്രമങ്ങള്‍. കിളികൊല്ലൂരില്‍ മര്‍ദനമേറ്റത് ഭരണകക്ഷിയില്‍പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും സഹോദരനുമാണെന്നത് ഈ ഭരണത്തില്‍ ആര്‍ക്കും രക്ഷയില്ല എന്നതിന്റെ തെളിവാണ്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മഞ്ചേരിയില്‍ ചായ കുടിക്കാന്‍ തട്ടുകടക്കരികെ വാഹനം നിര്‍ത്തിയ സ്ത്രീക്കുനേരെ മകന്റെ സാന്നിധ്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമം. മലപ്പുറത്ത് ഹൃദ് രോഗിയായ വിദ്യാര്‍ഥിയെ ഉള്‍പ്പെടെ പൊലീസ് ക്രൂരമായി മര്‍ദിച്ച സംഭവവുമുണ്ടായി. രോഗിയാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസ് മര്‍ദനം തുടരുകയായിരുന്നുവെന്നാണ് ആരോപണം. ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുള്ള രണ്ട് യുവാക്കളെയാണ് കൊല്ലം കിളികൊല്ലൂരില്‍ പൊലീസുകാര്‍ ജീവച്ഛവമാക്കിയത്. കാഞ്ചി വലിക്കാന്‍ വിരല്‍ കാണില്ലെന്നാണ് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടനെ പൊലീസ് ഭീഷണിപ്പെടുത്തിയത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പൊലീസിനെ വിട്ടുകൊടുത്തതിന്റെ ദുരന്ത ഫലമാണ് അനുഭവിക്കുന്നത്. ഡി.ഐ. ജിക്കും ഐ.ജിക്ക് പകരം എസ്.പിയെ നിയന്ത്രിക്കുന്നത് സി.പി.എം ജില്ലാ സെക്രട്ടറിമാരാണ്. എസ്.എച്ച്.ഒയെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ഏരിയാസെക്രട്ടറിമാരും. ഏരിയാ സെക്രട്ടറി പറയുന്നത് കേട്ടില്ലെങ്കില്‍ എസ്.എച്ച്.ഒയെ സ്ഥലംമാറ്റും. പൊലീസുകാര്‍ക്ക് പാര്‍ട്ടിക്കാരോട് മാത്രമാണ് ബാധ്യത. പാര്‍ട്ടിക്കാര്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്കുവരെ ഒത്താശ ചെയ്യുന്ന കാഴ്ചയാണ്. ഗുണ്ടാസംഘങ്ങള്‍ സി.പി.എം നേതാക്കള്‍ക്ക് കീഴില്‍ തഴച്ചുവളരുകയാണ്. പൊലീസിന് അഴിഞ്ഞാടാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതിക്കാര്‍ക്ക് പോലും ചെല്ലാനാകാത്ത അവസ്ഥയാണ്.

ഏത് കുറ്റകൃത്യത്തിനും കൂടിപ്പോയാല്‍ ലഭിക്കുന്ന ശിക്ഷ, മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റലാണ്. ഇതേ പ്രവൃത്തികള്‍ തുടരാനുള്ള അവസരം മറ്റൊരു സ്ഥലത്ത് ഒരുങ്ങുന്നു എന്നതാണ് ഇതുകൊണ്ട് സംഭവിക്കുന്നത്. ഓരോ സ്റ്റേഷന്‍ ചുമരുകളെയും തങ്ങളുടെ പരമാധികാര റിപ്പബ്ലിക്കാക്കി മാറ്റി, നിയമവും കോടതിയും ന്യായാധിപനുമെല്ലാം താന്‍ തന്നെയെന്ന മട്ടില്‍ ഭരണഘടനക്കും ജനാധിപത്യത്തിനും മീതെ സൈ്വര്യവിഹാരം നടത്തുകയാണ് പിണറായി സര്‍ക്കാറിന് കീഴിലെ പൊലീസ്. നിസ്സഹായരായ മനുഷ്യരുടെ ജീവിതം തങ്ങളുടെ കൈക്കരുത്തിനു കീഴില്‍ തകരുന്നത് കണ്ട് കൈകെട്ടി രസിക്കുകയാണ്. നീതി തേടിയും അല്ലാതെയും തങ്ങളുടെ സ്റ്റേഷനുകളിലെത്തുന്ന പാവങ്ങളെ ചവിട്ടിമെതിക്കുകയാണ്. അങ്ങേയറ്റം കുറ്റകരമായ ആരോപണങ്ങള്‍ നേരിടുമ്പോഴും പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വെള്ളമൊഴിക്കുകയാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും പൊലീസിലെ ക്രിമിനല്‍വത്കരണത്തിനെതിരെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നത് ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

Test User: