ഡല്‍ഹി: സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അക്കൗണ്ടുടമകള്‍ക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ നിര്‍ദേശം. ബാങ്കിങ് സേവനം തുടര്‍ന്നും തടസമില്ലാതെ ലഭിക്കുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് എസ്ബിഐ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കി.
പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉപയോഗശൂന്യമാകും. ഇതോടെ ഇടപാടുകള്‍ നടത്തുന്നതില്‍ തടസം നേരിടാമെന്ന് എസ്ബിഐയുടെ മുന്നറിയിപ്പില്‍ പറയുന്നു. പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കുകയാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമയപരിധി നീട്ടിയത്. ആദായനികുതി നിയമം അനുസരിച്ച് പാന്‍ ലഭിച്ചവര്‍ ആധാര്‍ ലഭിക്കുന്നതിനും അര്‍ഹരാണ്. നികുതിദായകര്‍ ആദായനികുതി വകുപ്പിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായി നല്‍കണമെന്നാണ് വ്യവസ്ഥ.