ന്യൂഡല്‍ഹി: ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത സിംകാര്‍ഡുകള്‍ 2018 ഫെബ്രുവരിക്കു ശേഷം റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധി തിരിച്ചടിയാകുമെന്ന നിരീക്ഷണങ്ങള്‍ തള്ളിയാണ്, മൊബൈല്‍ ഫോണ്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കുന്ന നടപടിക്ക് സുപ്രീംകോടതി വിധിയുടെ പിന്‍ബലമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
ലോക്‌നിധി ഫൗണ്ടേഷന്‍ കേസില്‍ ഒരു വര്‍ഷത്തിനകം സിംകാര്‍ഡുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതി വിധി വന്നത് 2017 ഫെബ്രുവരിയില്‍ ആണ്. അന്നു മുതല്‍ ഒരു വര്‍ഷത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.