ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സിം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ സ്വീകരിക്കാമെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു.
‘ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡ് നിഷേധിക്കരുതെന്ന് ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കെ.വൈ.സി രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സിം നല്‍കാം.’- അരുണ സുന്ദരരാജന്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമല്ലെന്ന് കഴിഞ്ഞ മാസം കേന്ദ്രം സുപ്രീം കോടതിയില്‍ സമ്മതിച്ചിരുന്നു. സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ചുള്ള കേസുകളില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ച് വാദം കേട്ടു വരികയാണ്.