X

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസ്: മുന്‍കൂര്‍ ജാമ്യം തേടി എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയിലേക്ക്. ഇന്ന് രാവിലെ സ്‌നിഗ്ധ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഭാനുവുമായി കൂടിക്കാഴ്ച നടത്തി. ഇന്നു തന്നെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെരുമാറ്റ മോശത്തിന് ഗവാസ്‌കറിനെതിരെ അച്ഛനോട് പരാതി പറഞ്ഞിരുന്നെന്നും ഇത് അച്ഛന്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ഗവാസ്‌കറിന്റെ പരാതിക്കു പിന്നിലെന്ന് സ്‌നിഗ്ധ ജാമ്യാപേക്ഷയില്‍ പറഞ്ഞു. സംഭവ ദിവസം പ്രഭാത നടത്തത്തിനുശേഷം മടങ്ങിയെത്തിയ തന്റെ കൈയ്ക്കു കയറി ഗവാസ്‌കര്‍ പിടിച്ചുവെന്നും പിന്നിട് കാര്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌നിഗ്ധ ജാമ്യാപേക്ഷ നല്‍കിയത്. ജൂണ്‍ 11നാണ് ഗവാസ്‌കറുടെ പെരുമാറ്റം മോശമാണെന്ന് അച്ഛനോട് പറഞ്ഞത്. ഇതേത്തുടര്‍ന്നു ജോലിക്കു വരരുതെന്ന് അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 13ന് ഗവാസ്‌കര്‍ വീണ്ടും വരികയായിരുന്നെന്നും ജാമ്യപേക്ഷയില്‍ പറയുന്നുണ്ട്.

നിലവില്‍ ഗവാസ്‌കറിന്റേയും സ്‌നിഗ്ധയുടേയും പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. എഡിജിപി സുധേഷിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിച്ചുവെന്നാണ് ഗവാസ്‌കറുടെ പരാതി. കനകക്കുന്നില്‍ പ്രഭാത നടത്തം കഴിഞ്ഞെത്തിയ, സ്‌നിഗ്ധ പാര്‍ക്കിലെ പൊതുപാര്‍ക്കിങ് സ്ഥലത്തു വച്ച് മര്‍ദ്ദിച്ചെന്നും തലയ്ക്ക് പിന്നിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സ്‌നിഗ്ധയുടെ പരാതിയില്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തത്.

 

chandrika: