പി.ആര്‍ വിവാദമടക്കം കത്തിനില്‍ക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാര്‍ത്താസമ്മേളനം നടക്കുക. ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട പി.ആര്‍ ഏജന്‍സി വിവാദം ഉള്‍പ്പെടെ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. പി.ആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയുമോയെന്നാണ് കണ്ടറിയേണ്ടത്.
പ്രധാനമായും ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തില്‍ പി.ആര്‍ ഏജന്‍സിയുടെ ഇടപെടലിലും മലപ്പുറം പരാമര്‍ശത്തിലുമാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നത്. പി.ആര്‍ ഏജന്‍സി നല്‍കിയ ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ഹിന്ദു ദിനപത്രത്തിന്റെ വിശദീകരണം. ഇതു സംബന്ധിച്ച് ഹിന്ദു ദിനപത്രം പിആര്‍ ഏജന്‍സിയെ പരാമര്‍ശിച്ചുകൊണ്ടാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനും പിആര്‍ ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്ന വിവാദവും ഉയര്‍ന്നത്. പിആര്‍ ഏജന്‍സിയുടെ ഇടപെടലുണ്ടായോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കുന്നതിന് സിപിഐ സമ്മര്‍ദം കടുപ്പിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണായകമാണ്. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.