ബ്രണ്ണൻ കോളേജും കുഞ്ഞിരാമൻ കഥയും പറഞ്ഞ് അധികനാൾ പിടിച്ചുനിൽക്കാനാവുമെന്ന് പിണറായി വിജയൻ കരുതേണ്ടതില്ലെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എൽ.എ. പഴകിപ്പുളിച്ച നുണക്കഥകൾ ആവർത്തിക്കുകയല്ലാതെ ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി ഇനിയും വാ തുറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി കലാപത്തിൽ പള്ളിക്ക് സംരക്ഷണം നൽകിയത് സി.പി.എമ്മായിരുന്നു എന്ന നുണ നിയമസഭയിൽ പൊളിച്ച് കൈയിൽ കൊടുത്തതാണ്. ഇന്നും മുഖ്യമന്ത്രി അത് ആവർത്തിച്ചു. 1971 ഡിസംബർ 28 മുതൽ 31 വരെയാണ് തലശ്ശേരി കലാപം നടന്നത്. കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജോസഫ് വിതയത്തിൽ കമ്മിഷൻ വിശദമായി അന്വേഷിച്ചിരുന്നു.
കലാപത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത്. 569 എഫ്.ഐ.ആറുകൾ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലെവിടെയും കുഞ്ഞിരാമൻ കൊല്ലപ്പെട്ട സംഭവമില്ല. അതായത് ആ കൊലപാതകവും കലാപവുമായി ബന്ധമില്ലെന്നർത്ഥം. നിയമസഭയിൽ അക്കാലത്ത് പിണറായി നടത്തിയ പ്രസംഗത്തിലും കുഞ്ഞിരാമനില്ല. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്.- അദ്ദേഹം വ്യക്തമാക്കി.
കുറെ കാലമായി സി.പി.എം പ്രചരിപ്പിക്കുന്ന കള്ളക്കഥയാണ് കുഞ്ഞിരാമന്റെ പള്ളി സംരക്ഷണവും രക്തസാക്ഷിത്വവും. ആ കഥയാണ് പിണറായി ആവർത്തിച്ചത്. യഥാർത്ഥ വസ്തുതകൾ ഭീകരമാണ്. ഈ കലാപത്തിൽ 17 മുസ്‌ലിം പള്ളികൾ തകർന്നത് കമ്യൂണിസ്റ്റ് പാർട്ടിക്കാരല്ലാതെ മറ്റാരുമില്ലാത്ത പാർട്ടി ഗ്രാമങ്ങളിലാണ്. ഈ പള്ളികൾ തകർന്നപ്പോൾ ഒരു കുഞ്ഞിരാമനും അവിടെയുണ്ടായിരുന്നില്ല. ഒരു സഖാവും ഈ പള്ളികൾ സംരക്ഷിക്കാനുണ്ടായില്ല എന്ന് മാത്രമല്ല പള്ളികൾ തകർക്കുന്നതിൽ അവരുടെ പങ്കുണ്ടായിരുന്നു എന്ന് കമ്മിഷൻ റിപ്പോർട്ടിൽ കാണാം. എൽ.കെ അദ്വാനി നടത്തിയ രഥയാത്ര പോലെ അന്ന് എ.കെ.ജിയുടെ ഒരു തലശ്ശേരി യാത്രയുണ്ടായിരുന്നു.
അന്ന് അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടി അണികളിൽ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കി വിട്ടു എന്ന സത്യം എഴുതിയതും ഇതേ കമ്മിഷനാണ്. സി.പി.ഐയുടെ കണ്ണൂർ ജില്ലാ കൗൺസിൽ സി.പി.എമ്മിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ അന്ന് രംഗത്തെത്തിയിരുന്നു. എം.വി രാഘവന്റെ ആത്മകഥയിലും ഈ വസ്തുത ചൂണ്ടിക്കാട്ടുന്നുണ്ട്. അച്യുതമേനോൻ മന്ത്രിസഭയിൽ സി.എച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിനെതിരെ സി.പി.എമ്മും ജനസംഘവും (ഇന്നത്തെ ബി.ജെ.പി) ഒരേ ഭാഷയിലാണ് അന്ന് സംസാരിച്ചിരുന്നത്. സി.പി.ഐയും എ.ഐ.വൈ.എഫും ഈ ആരോപണങ്ങൾ അന്ന് കമ്മിഷന് മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്.
നുണകളും വീമ്പ് പറച്ചിലും കൊണ്ട് പ്രശ്‌നം തീരില്ല. പിണറായിയുടെ ഇടനിലക്കാരനായിരുന്നു എ.ഡി.ജി.പി എന്നാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ ആർ.എസ്.എസ് ബന്ധം പിണറായിക്ക് വേണ്ടിയായിരുന്നു എന്ന് കേരള രാഷ്ട്രീയം വീക്ഷിക്കുന്ന ഏത് കുട്ടിക്കും മനസ്സിലാകും. സി.പി.എമ്മിന്റെ കരുവന്നൂർ ബാങ്ക് കൊള്ള, സ്വർണ്ണക്കടത്ത് തുടങ്ങി ഒട്ടേറെ കുരുക്കുകൾ മുറുകാതെ നിൽക്കുന്നത് ഈ ഊഷ്മള ബന്ധത്തിലൂടെയാണ്. സ്പീക്കർ ഷംസീർ ഉൾപ്പെടെ ആർ.എസ്.എസ്സിനെ ന്യായീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെങ്കിൽ സി.പി.എം പെട്ടുപോയ ഗതികേട് ചെറുതല്ലെന്ന് വ്യക്തമാണെന്നും കെ.പി.എ മജീദ് പറഞ്ഞു.