തിരുവനന്തപുരം: എഡിജിപി എം. ആർ. അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തത്കാലം വിതരണം ചെയ്യേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും സംസ്ഥാന പൊലീസ് മേധാവിയുടെ അന്വേഷണവും നിലനിൽക്കുന്നതിനാലാണ് നടപടി. പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്ന് എഐജി പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.
രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരായിരുന്നു പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്യുന്നത്. അജിത് കുമാറിനെ കൂടാതെ മെഡലിന് അര്‍ഹനായിട്ടുള്ള ഡിവൈഎസ്പി അനീഷ് കെ.ജി യ്ക്ക് 2018ലും 2024ലും മെഡല്‍ ലഭിച്ചതിനാല്‍, പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത് വരെ മെഡൽ വിതരണം ചെയ്യേണ്ടെന്നും ഉത്തരവിൽ പറഞ്ഞു.