തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറും ആർ.എസ്.എസ് നേതാവും കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ ദൂതനാണെന്നും പൊലീസിനെ കൊണ്ട് സി.പി.എം പൂരം കലക്കിപ്പിച്ചെന്നും സതീശൻ ആരോപിച്ചു.
ഒരുപാട് രഹസ്യങ്ങൾ അറിയുന്നതുകൊണ്ടാണ് എ.ഡി.ജി.പിയെയും പി. ശശിയെയും മാറ്റാത്തത്. പിണറായിയുടെ ഓഫിസിൽ ഒരു ഉപജാപകസംഘം ഉണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ സംഘത്തിലുണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നത്. സി.പി.എം- ബി.ജെ.പി അവിഹിത ബാന്ധവമുണ്ടെന്ന് തങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം പിണറായിക്ക് നൽകുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
രണ്ടു പേരുടെ പേര് പുറത്തു വന്നു കഴിഞ്ഞു. മൂന്നാമനായ മന്ത്രിയുടെ പേരും വൈകാതെ പുറത്തു വരും. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത്കുമാർ പോയതെന്ന് വാദത്തിനു സമ്മതിക്കാം. പക്ഷേ ഇക്കാര്യം അറിഞ്ഞിട്ട് മുഖ്യമന്ത്രി എന്തു ചെയ്തു? ഒരു വിശദീകരണം എങ്കിലും ചോദിച്ചോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തൃശൂരിൽ ബി.ജെ.പി ജയിക്കാൻ സി.പി.എം ഒത്തുകളിച്ചു. സി.പി.എം-ബി.ജെ.പി ബന്ധം ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായെന്നും സതീശൻ വിമർശിച്ചു.
2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ക്യാമ്പ് നടന്ന പാറമേക്കാവ് വിദ്യാമന്ദിറിൽ പോയത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം.