ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ഉള്‍പ്പടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഗുരുതരാരോപണങ്ങള്‍ ഉയര്‍ന്നിട്ടും മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്.
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ കൊളുത്തി വിട്ടതാണെങ്കിലും എം.ആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ചെന്നെത്തി നില്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ കയ്യിലാണ്. ടി.പി സെന്‍കുമാറുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു.അന്ന് സെന്‍കുമാര്‍ ആര്‍എസ്എസ് പാളയത്തിലാണ് എന്ന് പറഞ്ഞായിരുന്നു അന്ന് പിണറായി വിജയന്‍ പ്രതിരോധം തീര്‍ത്തത്.
ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ അതിനെതിരെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ വിമര്‍ശനം ഉയര്‍ത്തി.എന്നാല്‍ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പി ആര്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഇപ്പോഴും മൗനമാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.എം നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ എം.വി ഗോവിന്ദന്‍ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍ വിവാദമുയര്‍ന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.എം.ആര്‍ അജിത് കുമാറും,ആര്‍.എസ്.എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മുന്നണിക്കുള്ളില്‍ തന്നെ എതിരഭിപ്രായമുണ്ട്. നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം കൂടി.
സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് പറയുമ്പോഴും,അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. എം.ആര്‍ അജിത്കുമാറിനെ ഇനിയും സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്.