കെ.എസ് മുസ്തഫ
കല്‍പ്പറ്റ: കോവിഡ് മഹാമാരിക്കിടെ വയനാടിന് ലഭിച്ച അനുഗ്രഹമായിരുന്നു ഡോ. അദീല അബ്ദുല്ല എന്ന ജില്ലാ കലക്ടര്‍. ഡോക്ടര്‍ കൂടിയായ അവരുടെ പ്രാഗത്ഭ്യവും കഠിനാധ്വാനവും മൂന്ന് സംസ്ഥാനങ്ങള്‍ അതിരിടുന്ന വയനാട്ടില്‍ കോവിഡ് 19 തടഞ്ഞുനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. കൃത്യമായ ആസൂത്രണവും പ്രഖ്യാപനങ്ങളുടെ പ്രയോഗവല്‍ക്കരണവും കോവിഡ് പ്രതിസന്ധി കുറഞ്ഞ ജില്ലകളിലൊന്നായി വയനാടിനെ മാറ്റിയതിന് പിന്നില്‍ ഡോ. അദീലയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതയായിരുന്നു. മുഴുവന്‍ സമയവും വയനാട്ടുകാരുടെ വിളിപ്പുറത്തുള്ള ഈ അയല്‍ക്കാരിയിപ്പോള്‍ അര്‍ഹതപ്പപ്പെട്ട അംഗീകരത്തിന്റെ തൊട്ടരികെയാണ്. രാജ്യത്തെ ജില്ലാ കലക്ടര്‍മാരുടെ പ്രവര്‍ത്തനമികവിന് പ്രധാനമന്ത്രി നല്‍കുന്ന വിശിഷ്ട പുരസ്‌കാരത്തിനുള്ള ലിസ്റ്റില്‍ അവസാന 12ല്‍ ഇടം നേടിയിരിക്കുകയാണ് ഡോ. അദീല. രാജ്യത്തെ ആകെ ജില്ലാ കലക്ടര്‍മാരില്‍ നിന്നാണ് ഈ സ്വപ്‌നനേട്ടം. മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്.
പുതിയ പദ്ധതികള്‍ എന്നതിനേക്കാള്‍ നിലവിലുള്ള പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ക്കുമായിരുന്നു പ്രത്യേക ശ്രദ്ധ നല്‍കിയത്. ആദിവാസികളുടെ ഭവനപദ്ധതി, കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും റിസര്‍വ് ബാങ്ക്, നബാര്‍ഡ് തുടങ്ങിയവയുടെയും പ്രധാന പദ്ധതികള്‍ നടപ്പിലാക്കാനായി. പുരസ്‌കാരനേട്ടത്തേക്കാള്‍ പിന്നാക്ക ജില്ലയായ വയനാടിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നു എന്നതാണ് സന്തോഷകരമായ കാര്യം.
ഡോ. അദീല അബ്ദുല്ല (ജില്ലാ കലക്ടര്‍, വയനാട്)
ആദിവാസി ഭവനപദ്ധതികള്‍, കിസാന്‍ ക്രഡിറ്റ് കാര്‍ഡ്, വയോജനങ്ങള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിലവിലുള്ള പദ്ധതികളുടെ വിജയകരമായ നടത്തിപ്പാണ് ഡോ. അദീലയെ പോരാട്ടപ്പട്ടികയിലെ ഫൈനല്‍ റൗണ്ടിലെത്തിച്ചത്. ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയായതിനാല്‍ മുന്‍ഗണനാ വിഷയങ്ങളില്‍ പ്രാധാന്യം നല്‍കിയുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അവര്‍ മുന്‍തൂക്കം നല്‍കിയത്. കോഴിക്കോട് കുറ്റിയാടി സ്വദേശിയായ അദീല 2019 നവംബര്‍ ഒമ്പതിനാണ് വയനാട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. കലക്ടറായി ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിനു മുമ്പേ ജനപ്രീതിയാര്‍ജിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവര്‍ക്കായി. പ്രളയവും പകര്‍ച്ചവ്യാധികളും ആദിവാസി വിഭാഗങ്ങളിലെ പതിറ്റാണ്ടുകളായുള്ള പരാധീനതകളും പ്രാധാന്യത്തോടെ പരിഗണിക്കാനും പരിഹാരമുണ്ടാക്കാനും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു ഈ 34കാരി.
പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ഡോ. അദീല 2012ലാണ് ഐ.എ.എസ് കരസ്ഥമാക്കുന്നത്. ആലപ്പുഴ ജില്ലാ കലക്ടറായിരിക്കേയായിരുന്നു വയനാട്ടിലേക്കുള്ള സ്ഥലംമാറ്റം. പുരസ്‌കാര സമിതിക്ക് മുമ്പാകെ സെപ്തംബര്‍ 11നകം പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് നടത്തേണ്ട 15 മിനുട്ട് പവര്‍ പോയിന്റ് പ്രസന്റേഷന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഡോ. അദീലയിപ്പോള്‍. ആസ്പിരേഷനല്‍ ജില്ലകളിലെ കോവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും വയനാടിന് പുരസ്‌കാര സാധ്യത തെളിയുന്നുണ്ട്. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം സെപ്റ്റംബര്‍ 11ന് പൂര്‍ത്തിയാവുന്നതോടെ ചരിത്രപുരസ്‌കാരം തങ്ങളുടെ സ്വന്തം കലക്ടര്‍ക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് വയനാടൊന്നാകെ.