എസ്. സുധീഷ്‌കുമാര്‍
‘കയറി കിടക്കാന്‍ കൂരയില്ലാതായിട്ട് ഇന്ന് 75 ദിവസങ്ങള്‍ പിന്നിട്ടു. മരിക്കും മുന്‍പു സ്വന്തം വീട്ടില്‍ കിടന്നു മരിക്കാന്‍ കഴിയുമോ. എല്ലാം നഷ്ടപ്പെട്ട ഞങ്ങളോട് എന്തിനീ ക്രൂരത’. ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കൊക്കയാര്‍ മാക്കോച്ചി പൂവഞ്ചി ചേരിക്കലകത്ത് സി. ജെ ജോസഫിന്റെ വാക്കുകളാണിത്. ഒക്‌ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലില്‍ മാക്കോച്ചിയില്‍ മാത്രം ഏഴ് വീടുകളാണ് പൂര്‍ണമായും ഇല്ലാതായത്. പിഞ്ചു കുരുന്നുകള്‍ അടക്കം ഏഴ് ജീവനുകളും നഷ്ടപ്പെട്ടു. ദുരന്തം പിന്നിട്ട് ഇന്ന് എഴുപത്തിയഞ്ച് ദിനങ്ങളായിട്ടും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ജലരേഖയായി.
കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ദുരന്തത്തില്‍ 27 പേരാണ് മരണമടഞ്ഞത്. അപകടങ്ങള്‍ക്കു പിന്നാലെ സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പ്രളയം തീര്‍ത്തു. മരണം സംഭവിച്ചവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കിയതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മറ്റ് സഹായങ്ങള്‍ ലഭിച്ചില്ല. എന്നാല്‍, ഈ സഹായത്തിലും സര്‍ക്കാര്‍ വേര്‍തിരിവ് കാണിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയപ്പോള്‍ ദുരന്തം ബാധിച്ച മറ്റു പഞ്ചായത്തുകളിലുള്ളവര്‍ക്ക് നാല് ലക്ഷം രൂപയാണ് നല്‍കിയത്. ദുരന്തബാധിതരില്‍ അര്‍ഹരായവര്‍ക്ക് പുനരധിവാസവും വീടും നിര്‍മിച്ചു നല്‍കുമെന്നായിരുന്നു മറ്റൊരു സുപ്രധാന വാഗ്ദാനം. നാല് പിഞ്ചു കുരുന്നുകള്‍ അടക്കം അഞ്ച് പേര്‍ മരണമടഞ്ഞ കല്ലുപുരയ്ക്കല്‍ നസീറിന് ഇനി അവശേഷിക്കുന്നത് ചിന്നിച്ചിതറി കിടക്കുന്ന തുണ്ടു ഭൂമിയാണ്. പടുകൂറ്റന്‍ കല്ല് വീണ് അവശിഷ്ടങ്ങള്‍ പോലും ശേഷിപ്പിക്കാതെയാണ് നസീറിന്റെ വീട് മണ്ണിലമര്‍ന്നത്. നാട്ടുകാരുടെ സഹായത്താലാണ് നസീര്‍ ഇപ്പോള്‍ താമസം. വീട് നഷ്ടപ്പെട്ടവര്‍ക്ക് വസ്തു വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീടു വെയ്ക്കാന്‍ നാല് ലക്ഷം രൂപയും നല്‍കുമെന്നാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ച മറ്റൊരു നിര്‍ദേശം. ഇതിന്റെ കണക്കെടുപ്പും പൂര്‍ത്തിയായി. എന്നാല്‍, അനുവദിച്ചെന്നു പറയുന്ന തുക ഇതുവരെയും ദുരന്തബാധിതരിലേക്കെത്തിയില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഭൂമിയും വീടും നഷ്ട്ടപ്പെട്ട കുടുംബങ്ങള്‍ ഇന്നും തെരുവിലാണ്. ചിലര്‍ വാടക വീടുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ ബന്ധുക്കളുടെ വീട്ടില്‍ അഭയം പ്രാപിച്ചു.
ഹെക്ടര്‍ കണക്കിനാണ് കൃഷി നാശം സംഭവിച്ചത്. ഏറെയും റബറും മറ്റ് ഫല വൃക്ഷങ്ങളുമാണ് മലവെള്ളം കുത്തിയൊലിച്ച് കടപുഴകിയത്. കൃഷി നഷ്ടപ്പെട്ടവര്‍ക്ക് മരത്തിന്റെ എണ്ണത്തിനനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍, കൃഷിക്കാരുടെ കൃഷി മാത്രമല്ല നഷ്ടമായത് ഭൂമി തന്നെ നഷ്ടപ്പെട്ടു. ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും ഭൂമി പിളര്‍ന്നു കിടക്കുകയാണ്. ഭൂമിയില്‍ കുറ്റന്‍ കല്ലുകള്‍ നിരന്നും കുഴികള്‍ രൂപപെട്ടും കിടക്കുന്നതില്‍ ഒരു പുല്‍നാമ്പു പോലും മുളക്കില്ല. ആദ്യം ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുമെന്നു പറഞ്ഞതിനു ശേഷം സര്‍ക്കാര്‍ പിന്മാറി. പ്രളയത്തില്‍ ഒട്ടേറെ റോഡുകളും പാലങ്ങളും ചപ്പാത്തുകളും തകര്‍ന്നു. ഇവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഒരു തീരുമാനവും കൈകൊള്ളാന്‍ സര്‍ക്കാരിനായിട്ടില്ല. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് പോലും മതിയായ സഹായം നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ഉരുള്‍ പൊട്ടലില്‍ നിന്നും രക്ഷപെട്ട സി. ജെ ജോസഫിന്റെ ഭാര്യ ചാച്ചിയമ്മക്ക് വീടിന്റെ അവശിഷ്ടം വീണ് വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. 18 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ചാച്ചിയമ്മക്ക് സര്‍ക്കാരില്‍ നിന്നു സഹായമായി ലഭിച്ചത് 5,000 രൂപ മാത്രമാണ്. ചിലവായതാകട്ടെ 32,000 രൂപയും. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ സ്ഥലത്തെത്തിയാണ് സഹായങ്ങള്‍ നല്‍കാമെന്നു പറഞ്ഞത്. എന്നാല്‍, ദുരന്തം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു പാക്കേജും ഇവരെ തേടിയെത്തിയില്ല.
കൂട്ടിക്കല്‍ പഞ്ചായത്തില്‍ പറത്താനം ഒന്നാം വാര്‍ഡ് ഒഴികെ 12 വാര്‍ഡുകളിലും പേമാരി ദുരിതം വിതച്ചിരുന്നു. 12 ജീവനുകളാണ് പഞ്ചായത്തില്‍ പൊലിഞ്ഞത്. പ്ലാപ്പള്ളിയില്‍ നാലു പേരും. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറ് പേരും ഏന്തയാറില്‍ ഒഴുക്കില്‍പെട്ട് രണ്ട് പേരുമാണ് മരിച്ചത്. പഞ്ചായത്തില്‍ ആകെ 363 വീടുകള്‍ തകര്‍ന്നു. ഇതില്‍ 88 വീടുകള്‍ പൂര്‍ണമായും 260 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 15 പേര്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടു. കൂട്ടിക്കല്‍ ടൗണില്‍ മാത്രം തകര്‍ന്നത് 98 കടകള്‍ ആണ്. കടകളിലെ സാധനങ്ങള്‍ പൂര്‍ണമായും നശിച്ചിരുന്നു. ആറ് കടകള്‍ പൂര്‍ണമായി നശിച്ചു. കൂട്ടിക്കല്‍ മാത്രമല്ല, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി ഒട്ടേറെ പേരാണ് ഉരുള്‍പൊട്ടലിലും പിന്നാലെയുണ്ടായ വെള്ളപൊക്കത്തിലും ഇരയായത്. ദുരന്തം കഴിഞ്ഞു 75 നാള്‍ പിന്നിട്ടിട്ടും കണക്കെടുപ്പും വിലയിരുത്തലും നടത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍.