ന്യൂഡല്‍ഹി: സ്വകാര്യത പരമാവകാശമല്ലെന്നും പൗരനു മേല്‍ യുക്തിസഹമായ നിയന്ത്രണങ്ങള്‍ ചുമത്താന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്നും സുപ്രീംകോടതി. ‘സ്വകാര്യതക്കുള്ള അവകാശം’ യഥാര്‍ത്ഥത്തില്‍ അമൂര്‍ത്തമായ വാക്കാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ആധാറിന്റെ നിയമസാധുതയുമായി ബന്ധപ്പെട്ട്, സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി.
സ്വകാര്യത കൃത്യമായ അവകാശമാണെന്ന് അംഗീകരിക്കണമെങ്കില്‍ ആദ്യം അതിനെ നിര്‍വചിക്കേണ്ടതുണ്ട്. ഭരണഘടനയിലെ മൗലികാവകാശങ്ങളിലെല്ലാം സ്വകാര്യത പരന്നു കിടക്കുന്നതു കൊണ്ട് അതിനെ നിര്‍വചിക്കുക അസാധ്യമാണ്. സ്വകാര്യതയെ നിര്‍വചിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക- കോടതി നിരീക്ഷിച്ചു.
നമ്മള്‍ എങ്ങനെ സ്വകാര്യതയെ നിര്‍വചിക്കും? എന്തൊക്കെയാണ് അതിന്റെ ഉള്ളടക്കം? അതിന്റെ അതിര്‍ത്തിയെന്ത്? ഭരണകൂടത്തിന് എങ്ങനെയാണ് സ്വകാര്യത നിയന്ത്രിക്കാനാകുക? പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ഭരണകൂടത്തിന് എന്തെല്ലാം ബാധ്യതകളാണ് ഉള്ളത്? – ആധാര്‍ പൗരന്റെ സ്വകാര്യത ഇല്ലാതാക്കുന്നു എന്ന വാദത്തിനിടെ ബഞ്ചിലുണ്ടായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
വിഷയത്തില്‍ ഇന്നും വാദം തുടരും. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ ചെലമേശ്വര്‍, എസ്.എ ബോബ്‌ഡെ, ആര്‍.കെ അഗര്‍വാള്‍, ആര്‍.എഫ് നരിമാന്‍, എ.എം സപ്രെ, ഡി.വൈ ചന്ദ്രചൂഢ്, എസ്.കെ കൗള്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ആധാറിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചാണ് സ്വകാര്യതയുടെ വിഷയം മാത്രം ഒമ്പതംഗ ബെഞ്ചിനു വിട്ടത്.
ഇന്നലെ പരാതിക്കാരുടെ വാദമാണ് സുപ്രീംകോടതി കേട്ടത്. ഇവര്‍ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം, സോളി സൊറാബ്ജി, ശ്യാം ധവാന്‍ എന്നിവര്‍ തങ്ങളുടെ വാദങ്ങള്‍ നിരത്തി.
സ്വകാര്യതക്കായുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണ് എന്നായിരുന്നു ഇവരുടെ വാദം. സ്വാതന്ത്ര്യവും സ്വാകാര്യതയും നല്‍കപ്പെട്ട അവകാശങ്ങളല്ല. അത് പ്രകൃതിപരമായ നേരത്തെയുള്ള അവകാശങ്ങളാണ്. സ്വകാര്യതയില്ലാതെ സ്വാതന്ത്ര്യം സാധ്യമാകുമോ എന്നതാണ് ചോദ്യം. സ്വകാര്യത സ്വാതന്ത്ര്യത്തിന്റെ മറ്റൊരു മുഖമാണ്. ഖരക് സിങ് കേസില്‍ (1963) ഇതാണ് ജസ്റ്റിസ് സുബ്ബറാവു ചൂണ്ടിക്കാട്ടിയത്- ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. 21-ാം വകുപ്പ് പ്രകാരം (മൗലികാവകാശം) സ്വകാര്യത അവകാശമാണെന്ന് ഭരണഘടന തന്നെ ഉറപ്പു നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
സ്വകാര്യത സംബന്ധിച്ച് 1954ലെ എം.പി. ശര്‍മ വേഴ്‌സസ് സതീഷ് ചന്ദ്ര, ഡിസ്ട്രിക് മജിസ്‌ട്രേറ്റ്, ഡല്‍ഹി കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962ലെ ഖരക് സിങ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് യു.പി ആന്‍ഡ് അതേഴ്‌സ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികള്‍ സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. സ്വകാര്യത ഭരണഘടനാപരമായി മൗലികാവകാശമാണെന്നു സ്ഥാപിക്കാനാവില്ല എന്നതാണ് ഈ രണ്ടു വിധികളും. അതേസമയം, 1970കളിലെ മധ്യത്തില്‍ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകള്‍ സ്വകാര്യത മൗലികാവകാശങ്ങളില്‍പ്പെടും എന്ന തീര്‍പ്പിലാണ് എത്തിയിരുന്നത്.
സ്വകാര്യത മൗലികാവകാശമല്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതു സംബന്ധിച്ച് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്. വിഷയത്തില്‍ ഇന്ന് അഡ്വക്കറ്റ് ജനറല്‍ കെ.കെ വേണുഗോപാല്‍ സര്‍ക്കാര്‍ വാദങ്ങള്‍ ബെഞ്ചിനു മുമ്പില്‍ അവതരിപ്പിക്കും.
- 7 years ago
chandrika
Categories:
Video Stories