X

രാജസ്ഥാനെ തകര്‍ത്ത് കേരളം; ഏഴ് ഗോളും ഏറ്റുവാങ്ങി രാജസ്ഥാന്‍ വല

കോഴിക്കോട്: കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തില്‍ രാജസ്ഥാനെ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം. നിലവില്‍ കേരളമാണ് ചാമ്പ്യന്മാരായിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതല്‍ കേരളത്തിന്റെ ആറാട്ടായിരുന്നു. ആറാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ വലയിലാക്കി. ഗില്‍ബര്‍ട്ടാണ് ഗോളടിക്ക് തുടക്കമിട്ടത്. 12ാം മിനിറ്റില്‍ വിഘ്‌നേഷിന്റെ വക രണ്ടാം ഗോള്‍. ആവേശം തീരുംമുന്നേ 20ാം മിനിറ്റില്‍ വീണ്ടും വിഘ്‌നേഷിന്റെ ബൂട്ടില്‍ നിന്ന് രണ്ടാം ഗോള്‍. ആരവം അടങ്ങും മുന്നേ മൂന്ന് മിനിറ്റിന്റെ ഇടവേളയില്‍ നാലാം ഗോളും. ഇത്തവണ യുവ താരം നരേഷാണ് വല കുലുക്കിയത്. 36ാം മിനിറ്റില്‍ നരേഷ് തന്റെ രണ്ടാം ഗോള്‍ കേരളത്തിന്റെ ലീഡ് അഞ്ചിലെത്തിച്ചു.

രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു. 54ാം മിനിറ്റില്‍ ആറാം ഗോള്‍. റിസ്വാനാണ് സ്‌കോറര്‍. വിഘ്‌നേഷിന്റെ പാസ് സ്വീകരിച്ചാണ് താരം വല ചലിപ്പിച്ചത്. 81ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ റിസ്വാന്‍ കേരളത്തിന്റെ ഏകപക്ഷീയ ലീഡ് ഏഴാക്കി. ഈ ഗോളിന് വിഘ്‌നേഷാണ് വഴിയൊരുക്കിയത്. വിഘ്‌നേഷ് നല്‍കിയ പാസ് പിടിച്ചെടുത്തു മുന്നേറിയ റിസ്വാന്‍ പന്ത് അനായാസം വലയിലാക്കുകയായിരുന്നു.

കളിക്കളത്തില്‍ നിറഞ്ഞാടിയ കേരള താരങ്ങള്‍ രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമാക്കുകയായിരുന്നു. കേരളത്തിനായി വിഘ്‌നേഷും നരേഷും റിസ്വാനും ഇരട്ട ഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട് ഒരു ഗോള്‍ നേടി. ജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതാണ്. ഡിസംബര്‍ 29നാണ് കേരളത്തിന്റെ അടുത്ത പോരാട്ടം. ബിഹാറാണ് എതിരാളികള്‍.

webdesk13: