X

കര്‍മ രംഗത്തെ ജ്വലിപ്പിച്ച ആദര്‍ശ ധീരന്‍-അഡ്വ.എം. ഉമ്മര്‍

അഡ്വ.എം. ഉമ്മര്‍

മതേതര ജനാധിപത്യ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി എന്നല്ലാതെ മറ്റൊരു തരത്തിലും പി.ടി തോമസ് എന്ന നേതാവിനെ കുറിച്ചുവെക്കാന്‍ ആവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളുടെ ബലത്തില്‍ തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ കൃത്യമായി ചെയ്യുകയും ആരുടെ മുന്നിലും തലകുനിക്കാതെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്ത പി.ടി ഇത്ര പെട്ടെന്ന് കേരളത്തിന് നഷ്ടമാകേണ്ടിയിരുന്ന ഒരാളായിരുന്നില്ല. തന്റെ പ്രതിഭ കൊണ്ട് കര്‍മരംഗത്തെ ജ്വലിപ്പിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

ശരിയെന്ന് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് പി.ടിയെ ‘പോരാളി’യാക്കിയത്. നിയമസഭയിലെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരനായിരുന്നു അദ്ദേഹം. എതിര്‍ പക്ഷത്തിന് എന്തുതോന്നുമെന്നോ അവരുടെ അഭിപ്രായം എന്തായിരിക്കുമെന്നോ നോക്കാതെ തനിക്ക് പറയുവാനുള്ളത് ഏതുഘട്ടത്തിലും ഇടപെട്ട് സംസാരിക്കുന്ന മികച്ച പാര്‍ലമെന്റേറിയനായിരുന്നു പി.ടി അടിയന്തരപ്രമേയം ആയാലും ശ്രദ്ധക്ഷണിക്കല്‍ ആയാലും സബ്മിഷന്‍ ആയാലും നിയമസഭയില്‍ അദ്ദേഹം ഇടപെടും. നാടിന്റെ പൊതുവായ വിഷയങ്ങളില്‍ പഠിച്ച അഭിപ്രായം പറയുന്ന അദ്ദേഹത്തിന്റെ ശൈലി അനുകരണീയമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെറ്റിനെ തെറ്റ് തന്നെയാണെന്ന് ഉറക്കെ പറയാനുള്ള ആര്‍ജ്ജവമാണ് പി.ടി തോമസിനെ ശ്രദ്ധേയനാക്കിയത്.

ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് എ.കെ ആന്റണി തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോളാണ്. അവിടെ മുന്നിയൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയായിരുന്നു അദ്ദേഹത്തിന്. അന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്ന എനിക്കും ഈ പഞ്ചായത്തിലാണ് പാര്‍ട്ടി ചുമതല നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം പി.ടി യോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കുന്നതിന് ആ പഞ്ചായത്തിലെ വോട്ടര്‍മാരുടെ കണക്കുകളും മറ്റ് ഘടകങ്ങളുമെല്ലാം പരിശോധിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതുവരെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു തികഞ്ഞ നേതൃപാടവമാണ് അദ്ദേഹത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത്. പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന ഘട്ടത്തില്‍ മഞ്ചേരി മണ്ഡലത്തിലായിരുന്നു ചുമതല.

അന്നും അദ്ദേഹത്തോടൊപ്പം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എനിക്ക് അവസരം ലഭിച്ചു. പ്രചാരണത്തിന്റെ അവസാനനിമിഷം വരെ ഓരോ നേതാക്കന്മാരുമായി നിരന്തരം ബന്ധപ്പെട്ടും പ്രാദേശിക തലത്തിലെ പ്രവര്‍ത്തകരെ എപ്പോഴും കൂടെക്കൂട്ടിയും അദ്ദേഹം നിറഞ്ഞുനിന്നു.

ഒരുമിച്ച് നിയമസഭാംഗങ്ങളായി പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്ന അടിയന്തരപ്രമേയങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കുമൊക്കെ പി.ടി ശക്തമായ പിന്തുണനല്‍കിയത് വിസ്മരിക്കാനാവില്ല. എതിര്‍ പക്ഷത്തിന്റെ ആക്രമണങ്ങളെ നേരിടാനും അതിന് ചുട്ട മറുപടി നല്‍കാനും പി.ടി മുന്നില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹം സഭയില്‍ നിന്ന് പുറത്തു പോകാറില്ല, നിയമസഭാ നടപടികളില്‍ കൃത്യമായി ഇടപെട്ടുകൊണ്ട് എപ്പോഴും സീറ്റില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ധാരാളം കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഒരു സാമാജികന്‍ എന്ന നിലയില്‍ നിയമസഭയില്‍ എപ്പോള്‍ ഇടപെടണം എന്ന് തോന്നിയാലും അദ്ദേഹം അപ്പോള്‍തന്നെ ഇടപെടും എന്നതാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള അവഗാഹം വളരെ വലുതായിരുന്നു. അത് രാഷ്ട്രീയ എതിരാളികളുടെ ഉറക്കംകെടുത്തുന്ന വിധം ശക്തവും ആയിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് പി.ടി പരിസ്ഥിതി വിഷയങ്ങളില്‍ പ്രത്യേകിച്ച്, പശ്ചിമഘട്ട മലനിരകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആധികാരികമായി പറയുവാന്‍ കഴിയുന്ന നേതാവായിരുന്നു.

ഞാന്‍ എം.എല്‍.എ അല്ലാതിരുന്ന കാലത്ത് പി.ടി എന്നോട് പറഞ്ഞു. എന്റെ തിരുവനന്തപുരത്തെ മുറി ഉമ്മറിന് കൂടിയുള്ളതാണ്. വരുമ്പോള്‍ അവിടെ വന്ന് താമസിക്കണം. ഞാന്‍ പി.എയോട് പറഞ്ഞിട്ടുണ്ട്. ഉമ്മര്‍ എപ്പോള്‍ വന്നാലും താക്കോല്‍ നല്‍കണമെന്ന്. അത്രത്തോളം ആത്മബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഇനി ആ താക്കോല്‍ നല്‍കാന്‍ പി.ടി ഇല്ലല്ലോ എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാവുന്നില്ല. വളരെ ആഴത്തിലുള്ള ഹൃദയബന്ധം സൂക്ഷിച്ച ഏറ്റവും പ്രിയപ്പെട്ട സഹോദരനാണ് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബത്തോടും പാര്‍ട്ടിയോടും എന്റെ വേദന പങ്കുവെക്കുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പ്രഗല്‍ഭരില്‍ ഒരാളായ പി.ടിയുടെ വിയോഗത്തില്‍ ഹൃദയപൂര്‍വ്വം അനുശോചനം അറിയിക്കുന്നു.

Test User: