X
    Categories: MoneyNews

ഓഹരി വിലയില്‍ മാറ്റമില്ല, കാലാവധി നീട്ടില്ല; എഫ്പിഒയിലൂടെ 20,000 കോടി സമാഹരിക്കാന്‍ അദാനി

ന്യൂഡല്‍ഹി: അനുബന്ധ ഓഹരി വില്‍പനയില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ്. കാലാവധി നീട്ടില്ലെന്നും ഗ്രൂപ്പ് വ്യക്തമാക്കി. ഈ മാസം 31 വരെയാണ് അദാനി ഗ്രൂപ്പിന്റെ ഫോളോ ഓണ്‍ പബ്ലിക് ഇഷ്യു (എഫ്പിഒ). ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അനുബന്ധ ഓഹരി വില്‍പനയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചു.

എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. എഫ്പിഒ വിജയകരമാകുമെന്ന് തികഞ്ഞ പ്രതീക്ഷയുണ്ടെന്നും നിക്ഷേപകരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മര്‍ച്ചന്റ് ബാങ്കുകളാണ് കാലാവധി നീട്ടുന്നതും ഓഹരിവില കുറയ്ക്കുന്നതും പരിഗണിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്നുള്ള ആഘാതം കുറയ്ക്കാനായിരുന്നു നീക്കം.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 2 ദിവസത്തിനിടയിലെ നഷ്ടം 4.17 ലക്ഷം കോടി രൂപയാണ്. പിന്നാലെ ഫോബ്‌സ് പട്ടികയില്‍ ലോകത്തെ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആസ്തിമൂല്യം 9660 കോടി ഡോളറായി (ഏകദേശം 7.87 ലക്ഷം കോടി രൂപ) കുറഞ്ഞു. എല്‍ഐസിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപത്തിന്റെ മൂല്യം 81,268 കോടി രൂപയില്‍നിന്ന് 62,621 കോടിയായി.

webdesk13: