തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനും ലൈഫ് മിഷനിലെ കമ്മിഷന്‍ ആരോപണത്തിനുമൊപ്പം അദാനിയുടെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയ പുതിയ വിവാദവും നാളെ ചേരുന്ന കൊവിഡ് കാല നിയമസഭാസമ്മേളനത്തെ ഇളക്കിമറിക്കും.
വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ ഇതിന്റെ ടെന്‍ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്‍ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്‌സ്. കോണ്‍ഗ്രസ് ഇത് ആയുധമാക്കിക്കഴിഞ്ഞു.
സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ച തന്നെയാണ് സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമെടുത്ത് പ്രതിപക്ഷം സര്‍ക്കാരിനെ ആക്രമിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന്റെ മറുമരുന്ന് എന്ത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മന്ത്രിമാരുടെ മൂന്ന് മണിക്കൂര്‍ നീണ്ട അവലോകനയോഗം സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ഏത് ആരോപണത്തെയും രേഖകളുടെ പിന്‍ബലത്തില്‍ നേരിടാനാണ് നീക്കം.
തിരുവനന്തപുരം വിമാനത്താവളം കൈമാറ്റത്തിനെതിരെ സഭ പ്രമേയം പാസാക്കാനിരിക്കെയാണ് വിവാദം വഴിതിരിഞ്ഞത്. പുതിയ ആക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണത്തെ ആശ്രയിച്ചിരിക്കും ഭാവി. കേന്ദ്രതീരുമാനത്തെ അനുകൂലിച്ചതിന് കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ ആക്രമിക്കുന്ന ഭരണപക്ഷത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് പുതിയ ‘അദാനിവിവാദം’.
രാവിലെ 9ന് ആരംഭിക്കുന്ന സഭയില്‍ ധനകാര്യബില്‍ പാസാക്കലാണ് മുഖ്യ അജന്‍ഡയെങ്കിലും രാഷ്ട്രീയ സംഭവങ്ങള്‍ അതെല്ലാം മാറ്റി മറിച്ചിരിക്കുന്നു. കൊവിഡിനെ പ്രതിരോധിച്ച് അംഗങ്ങളെ സംരക്ഷിക്കാന്‍ സര്‍വ്വസജ്ജമാണ് നിയമസഭാസെക്രട്ടേറിയറ്റ്. കൊവിഡിനെയും വെല്ലുന്ന രാഷ്ട്രീയവിവാദങ്ങള്‍ പക്ഷേ സഭയില്‍ സൃഷ്ടിക്കാന്‍ പോകുന്ന കോളിളക്കങ്ങള്‍ പ്രവചനാതീതമാണ്.