ന്യൂഡല്‍ഹി: അദാനി വിവാദവും ഇ.ഡി- സി.ബി.ഐ ദുരുപയോഗവും ഉയര്‍ത്തിക്കാട്ടി ഇരുസഭകളും ഇന്നും പ്രക്ഷുബ്ദമാകും. കഴിഞ്ഞ ദിവസം ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് പാര്‍ലമെന്റില്‍ ബഹളത്തോടെയായിരുന്നു തുടക്കം. അദാനി വിവാദവും ഇ.ഡി- സി.ബി.ഐ ദുരുപയോഗവും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗം ചൂണ്ടിക്കാട്ടി ഭരണപക്ഷം തിരിച്ചടിച്ചു. രാഹുല്‍ മാപ്പ് പറയണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം. ഇതോടെ ലോക്‌സഭയും രാജ്യസഭയും പ്രക്ഷുബ്ദമായി.
ബഹളം തുടര്‍ന്നതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. സമ്മേളനം ആരംഭിച്ചയുടന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭയില്‍ ഉന്നയിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ ലണ്ടനില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ശ്രമിച്ചെന്നു രാജ്‌നാഥ് സിങ് ആരോപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ നടത്താന്‍ രാഹുല്‍ ശ്രമിച്ചതിനെ സഭ അപലപിക്കണമെന്നും അദ്ദേഹം മാപ്പ് പറയണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രിയുടെ ആവശ്യത്തെ ഭരണമുന്നണി അംഗങ്ങള്‍ പിന്തുണച്ചു. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുലിനെതിരെ രംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടപ്പോഴും കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രാഹുല്‍ കീറിയെറിഞ്ഞപ്പോഴും ജനാധിപത്യം എവിടെയായിരുന്നെന്ന് പ്രഹ്ലാദ് ജോഷി ചോദിച്ചു.
രാജ്യത്ത് ജനാധിപത്യമില്ലെന്ന രാഹുലിന്റെ വിമര്‍ശനത്തില്‍ എന്താണ് തെറ്റെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. രാഹുലിനെ അനുകൂലിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ ബി.ജെ.പി അംഗങ്ങളുമായി രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായി. പരസ്പരം പോര്‍വിളി തുടര്‍ന്നതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. സമാനമായ സംഭവങ്ങളാണ് രാജ്യസഭയിലുമുണ്ടായത്. ജുഡീഷ്യറിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും വിമര്‍ശിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പട്ടു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെയാണ് വിമര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരിച്ചടിച്ചു. ഖാര്‍ഗെ ഉടന്‍ ക്രമസമാധാനപ്രശ്‌നം ഉന്നയിച്ചു.
ഒരു സഭയിലെ അംഗങ്ങള്‍ക്കെതിരായ ആരോപണം മറ്റുസഭയില്‍ ഉന്നയിക്കുന്നത് തടയുന്ന രണ്ട് വിധികള്‍ അദ്ദേഹം പരാമര്‍ശിച്ചു. ഗോയലിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ചട്ടങ്ങള്‍ പാലിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. 45 വര്‍ഷമായി താന്‍ സഭയില്‍ അംഗമാണെന്നും പ്രതിപക്ഷത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ആദ്യമാണെന്നും കോണ്‍ഗ്രസിലെ ദിഗ്‌വിജയ സിങ് പറഞ്ഞു.
സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടുന്നതിനെതിരെ ബി.ആര്‍.എസ്, ആം ആദ്ംമി പാര്‍ട്ടി എം.പിമാരും സഭാ കവാടത്തില്‍ പ്രതിഷേധിച്ചു.