വിഴിഞ്ഞം വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.അദാനിയെ പിണറായി കൈവിടില്ല.മോദിക്കും പിണറായിക്കും ഇടയിലെ മുഖ്യ കണ്ണി അദാനിയാണ്. ഓരോ ഡീല്‍ ഉറപ്പിക്കുമ്പോഴും ആ ബന്ധം ശക്തിപ്പെടും. സംഘപരിവാരങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് കൂടുതല്‍ ഉറപ്പു കിട്ടും. അതെങ്ങനെ എന്നറിയാന്‍ അദാനിയുടെ വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍മതി അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം
ഗെയില്‍ – ദേശീയപാതാ തടസ്സങ്ങള്‍ നീക്കി വികസനപ്രവര്‍ത്തനം തുടങ്ങിയതുപോലെ വിഴിഞ്ഞത്തും ധീരമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍.
പോകണമല്ലോ.
കേരളത്തിലെ ദേശീയപാതാ വികസനത്തില്‍ രണ്ടായിരത്തോളം കോടി രൂപയുടെ പദ്ധതിയാണ് അദാനിക്കു കിട്ടിയത്.കേരളത്തിലെ വാതക പൈപ് ലൈന്‍ (ഗെയില്‍) പദ്ധതിയില്‍ നാലായിരത്തഞ്ഞൂറു കോടിയുടെ നിക്ഷേപമാണ് അദാനിയുടേത്.വൈദ്യുതി മേഖലയിലും രാജ്യത്തെ സ്വകാര്യ സംരംഭമായ അദാനി പവര്‍ തന്നെ വൈദ്യുതി നല്‍കണമെന്ന് കേരള സര്‍ക്കാറിനു നിര്‍ബന്ധമുണ്ട്.തിരുവനന്തപുരം വിമാനത്താവളം അദാനിയിലേക്ക് എത്തിയ വഴിയിലെ ദുരൂഹതകളും നേരത്തേ ചര്‍ച്ചയായതാണ്.
വിഴിഞ്ഞത്തും അദാനിയാണ്. അദാനിയെ പിണറായി കൈവിടില്ല.മോദിക്കും പിണറായിക്കും ഇടയിലെ മുഖ്യ കണ്ണി അദാനിയാണ്. ഓരോ ഡീല്‍ ഉറപ്പിക്കുമ്പോഴും ആ ബന്ധം ശക്തിപ്പെടും. സംഘപരിവാരങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് കൂടുതല്‍ ഉറപ്പു കിട്ടും. അതെങ്ങനെ എന്നറിയാന്‍ അദാനിയുടെ വളര്‍ച്ചയുടെ ചരിത്രം നോക്കിയാല്‍മതി.
അദാനിയുടെ വളര്‍ച്ചക്ക് സ്വന്തം ജനതയെ ഒറ്റാം. നാടിന്റെ വിഭവങ്ങള്‍ അടിയറ വെക്കാം. അധികാരവും ജനസമ്മതിയുമൊക്കെ മോദി മാതൃകയില്‍ നിലനിന്നുകൊള്ളും. വികസനം എന്ന മാന്ത്രിക പദം മാര്‍ക്‌സിസ്റ്റ് അവസരവാദി പാര്‍ട്ടികള്‍ക്ക് പ്രമാണമായിട്ടുണ്ട്. അനുസരിക്കുന്ന അണികളുടെയും അനുഭാവികളുടെയും ദാഹം തീര്‍ക്കാന്‍ ചില നീര്‍പന്തലുകള്‍ മതിയാകും.
തീരദേശം കടലെടുക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മുഖ്യശത്രുവാണ്. അതിന്റെ മറവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയുമാവാം. മത്സ്യത്തൊഴിലാളികള്‍ തീരദേശം വിടണമത്രെ. ഒരു തൊഴില്‍ മേഖലയെ കടലില്‍ തള്ളുന്നു. ഒരു ജനവിഭാഗത്തെ തുടച്ചുമാറ്റുന്നു. ആ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ അദാനിക്ക് ക്ഷീണം പറ്റുമോ എന്നാണ് സര്‍ക്കാറിന്റെ ശ്രദ്ധ. മത്സ്യത്തൊഴിലാളി സമൂഹം കേരളത്തിന്റെ ഭാഗമല്ലേ?
അദാനിക്ക് എല്ലാം കൊടുക്കണം! വിഴിഞ്ഞം കരാര്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹവും വികസനവാദിതന്നെ. പക്ഷേ, അപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ നല്‍കിയ ചില ഉറപ്പുകളുണ്ട്.ഏറ്റെടുത്ത സംരക്ഷണ ഉത്തരവാദിത്തമുണ്ട്. മാറിവന്ന സര്‍ക്കാറിനും അതു പാലിക്കാന്‍ ബാദ്ധ്യതയുണ്ട്. തിരിഞ്ഞുനോക്കിയില്ല സര്‍ക്കാര്‍.
സിമന്റ് ഗോഡൗണില്‍ കിടന്നു നിലവിളിക്കുന്ന കുടുംബങ്ങള്‍ ‘ഞങ്ങളെ മാറ്റിപാര്‍പ്പിക്കൂ, തന്ന ഉറപ്പുകള്‍ പാലിക്കൂ’ എന്നു പറയുമ്പോള്‍ ഇതാ, അദാനിക്കെതിരെ കലാപം എന്നു വരുത്താനാണ് സര്‍ക്കാറിന് ഉത്സാഹം. ഈ പ്രോജക്റ്റും അദാനിക്കു പൂര്‍ണമായും വിധേയപ്പെടുംവരെ പിണറായിസര്‍ക്കാറിന് വിശ്രമമില്ല. അത് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.
അദാനിയാണ് ഈ വീടിന്റെ ഐശ്വര്യം!
നമോ നമസ്‌തേ…!’