ന്യൂഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ 24ാം സ്ഥാനത്തേക്ക് വീണ് ഗൗതം അദാനി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരമാണ് അദാനി ഇപ്പോള്‍ 24ാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത്. ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം അദാനിയുടെ ആസ്തി 52.4 ബില്യണ്‍ ഡോളറാണ്.
യു.എസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനു പിന്നാലെയാണ് ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനിയുടെ വീഴ്ച തുടങ്ങിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ വന്‍ തകര്‍ച്ച നേരിട്ടതാണ് തിരിച്ചടിയായത്. ഓഹരി മൂല്യം ഉയര്‍ത്തി കാണിച്ച് അദാനി ഗ്രൂപ് വഞ്ചന നടത്തിയെന്ന ആരോപണമാണ് പ്രധാനമായും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ളത്.
ആരോപണം അദാനി തള്ളിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജികളടക്കം അദാനി ഗ്രൂപ്പിനെതിരെ എത്തി. പിന്നാലെ അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ജനുവരി 24നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നത്.