ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ കോര്‍പറേറ്റ് ലോബികള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഈയിടെ പാസാക്കിയ കാര്‍ഷിക നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് എന്ന വിമര്‍ശനത്തിന് പിന്നാലെയാണ് അദാനിക്കു സര്‍ക്കാര്‍ ചെയ്തു കൊടുത്ത വഴി വിട്ട നീക്കങ്ങള്‍ പുറത്തുവരുന്നത്.
കാര്‍ഷിക മേഖലയില്‍ അദാനി ഗ്രൂപ്പിന്റെ 20 കമ്പനികള്‍ക്കാണ് മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനുമതി നല്‍കിയിട്ടുള്ളത്. 2014ല്‍ അഞ്ച് കമ്പനികള്‍ക്കും 2016ല്‍ രണ്ട് കമ്പനികള്‍ക്കുമാണ് അനുമതി ലഭിച്ചത്. അദാനി അഗ്രി ലോജിസ്റ്റിക്‌സ് എന്ന പേരില്‍ സത്‌ന, ഹര്‍ദ, ഉജ്ജയ്ന്‍, ദേവാസ്, കത്യാര്‍, കന്നൗജ്, പാനിപ്പത്ത് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കമ്പനികള്‍.
2017ല്‍ എട്ട് കമ്പനികള്‍ക്കും അടുത്ത വര്‍ഷം അഞ്ചു കമ്പനികള്‍ക്കും അനുമതിയുണ്ടായി. ദാഹോദ്, സമസ്തിപൂര്‍, ധര്‍ഭംഗ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചത്.
അതിനിടെ, കാര്‍ഷിക ഓര്‍ഡിനന്‍സുകള്‍ പാസാക്കുന്നതിന് ഒരു മാസം മുമ്പു മാത്രം അദാനി ഗ്രൂപ്പിന് 22 ഏക്കര്‍ സ്ഥലം ഹരിനായ സര്‍ക്കാര്‍ വെറും 27 ലക്ഷം രൂപയ്ക്കാണ് അനുവദിച്ചത്. പാനിപ്പത്ത് ജില്ലയിലാണ് അദാനി അഗ്രി ലോജിസ്റ്റിക് എന്ന പേരില്‍ കമ്പനിക്ക് തിടുക്കത്തില്‍ അനുമതി നല്‍കിയത്. ലോക്ക്ഡൗണ്‍ വേളയിലായിരുന്നു ഈ ഇടപാട് എന്നതും എടുത്തു പറയേണ്ടതാണ്.
യുപിഎ സര്‍ക്കാറിന്റെ കാലത്ത് പ്രകൃതിയെ പരിക്കേല്‍പ്പിച്ചതിന് അദാനി പോര്‍ട്‌സ് ആന്‍ഡ് സെസിന് ചുമത്തിയ 200 കോടി രൂപയുടെ പിഴ മോദി സര്‍ക്കാറാണ് ഒഴിവാക്കി നല്‍കിയത്. ഹരിത ചട്ടങ്ങള്‍ ലംഘിച്ചതിനായിരുന്നു പിഴ.
അദാനിയുടെ വാദങ്ങള്‍
കര്‍ഷകരില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുകയോ അവയുടെ വില തീരുമാനിക്കുകയോ ചെയ്യുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്സിഐ)ക്കു വേണ്ട സംഭരണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും നടത്തുകയുമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും കമ്പനി വിശദീകരിക്കുന്നു.
‘സൂക്ഷിപ്പുശേഖരത്തിന്റെ അളവോ ഭക്ഷ്യധാന്യത്തിന്റെ വിലയോ തീരുമാനിക്കുന്നതില്‍ കമ്പനിക്ക് പങ്കില്ല. എഫ്സിഐക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നല്‍കുക മാത്രമാണ് ചെയ്യുന്നത്’ എന്നാണ് അദാനി ഗ്രൂപ്പ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചത്.
കര്‍ഷക സമരം കൊടുമ്പിരി കൊണ്ട വേളയിലാണ് അദാനിയുടെ വിശദീകരണം. അദാനിക്കും അംബാനിക്കും വേണ്ടിയാണ് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ മാറ്റിയെഴുതുന്നത് എന്ന് വ്യാപക വിമര്‍ശനമുണ്ടായിരുന്നു. റിലയന്‍സിനെ ബഹിഷ്‌കരിക്കാനും ചില കാര്‍ഷിക കൂട്ടായ്മകള്‍ തീരുമാനിച്ചിട്ടുണ്ട്.