X
    Categories: MoreViews

അഡാറ് ലൗവിലെ ഗാനരംഗം മറ്റൊരു മലയാളസിനിമയുടെ കോപ്പിയടിയോ? തെളിവുകള്‍ നിരത്തി നിര്‍മ്മാതാവ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി ലോകശ്രദ്ധ നേടിയ ഒമര്‍ലുലുവിന്റെ ഒരു അഡാര്‍ ലവ്വ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനുപയോഗിച്ച രംഗങ്ങള്‍ കോപ്പിയടിയാണെന്ന ആരോപണം ശക്തമാകുന്നു. അഡാര്‍ ലവ്വിലെ കണ്ണിറുക്കല്‍ രംഗം മജീദ് അബു സംവീധാനം ചെയ്യുന്ന കിടു എന്ന മലയാള സിനിമയിലെ ഗാനരംഗത്തുല്‍നിന്നും കോപ്പിയടിച്ചതാണെന്നാണ് കിടുവിന്റെ അണിയറ പ്രവര്‍ത്തകരുടെ ആരോപണം.

ഇതേ സിനിമയുടെ ഒരു ഗാനരംഗത്തില്‍ അഡാറ് ലൗവിലെ കണ്ണിറുക്കല്‍ രംഗത്തിന് സമാനമായൊരു രംഗം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ ഇത് അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ വാസ്തവം വെളിപ്പെടുത്തി ‘കിടു’ സിനിമയുടെ നിര്‍മാതാവായ സാബു പി.കെ രംഗത്തെത്തിയത്.

”കിടു’ ആണ് കോപ്പിയടിച്ചത് എന്ന് പറയുന്നത് തെറ്റ് ‘ഈ രംഗം കണ്ടിട്ട് പലരും പറയുന്നുണ്ട്. ഇവര്‍ അഡാറ് ലൗവില്‍ നിന്നും കോപ്പിയടിച്ച് ചെയ്ത പാട്ട് ആണെന്ന്. ഒരിക്കലുമല്ല. അത് മനസ്സിലാക്കാന്‍ കാരണം ഞാന്‍ തന്നെ പറയാം. എന്റെ സിനിമയുടെ എ!ഡിറ്ററും അഡാറ് ലൗവിന്റെ എഡിറ്ററും ഒരാള് തന്നെയാണ്. നവംബര്‍ 25ന് പാക്ക്അപ് ചെയ്ത സിനിമയാണ് കിടു. ജനുവരിയില്‍ അതിന്റെ എഡിറ്റും കഴിഞ്ഞു. അതിന് ശേഷമാണ് അഡാറ് ലൗവില്‍ ഈ എഡിറ്റര്‍ ജോയിന്‍ ചെയ്യുന്നത്. അതിന് ശേഷമാണ് ഈ രംഗം ഷൂട്ട് ചെയ്യുന്നത്. ശരിക്കും ഞങ്ങളാണ് പറയേണ്ടത് അവര്‍ കോപ്പയടിച്ചെന്ന്. നമ്മള്‍ അങ്ങനെ പറയുന്നുമില്ല. ഇതിന്റെ പുറകെ വിവാദങ്ങളുമായി പോകാനും താല്‍പര്യമില്ല. അങ്ങനെയൊരു സിനിമയുടെ ചെറിയ ഭാഗത്തിനെ ചൊല്ലി വഴക്കുണ്ടാക്കുന്നത് എന്തിനാണ്. സിനിമയുടെ ചില ഭാഗങ്ങളില്‍ സ്വാഭിവകമായും സാമ്യമുണ്ടായേക്കാം, ജീവിതം തന്നെ അങ്ങനയെല്ലേ.’സാബു പറഞ്ഞു.

നവംബര്‍ 25 ന് സിനിമയുടെ പാക്കഅപ്പും ജനുവരി ആദ്യവാരത്തോടെ എഡിറ്റിങും കഴിഞ്ഞതാണെന്നും വിവാദത്തിന് താല്‍പ്പര്യമില്ലെന്നും കിടു വിലെ നായിക കൂടിയായ അനഘയും പറയുന്നു. അഡാര്‍ ലവ്വിലെ രംഗം ‘കിടു’വില്‍ ഉപയോഗിച്ചു എന്ന ആരോപണം വ്യാപകമായതോടെയാണ് സംഭവത്തിലെ യാതാര്‍ത്ഥ്യം തുറന്ന് പറഞ്ഞ് കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

മജീദ് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങളായ അനഘയും റംസാനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഗാനം ആലപിക്കുന്നത് വിനീത് ശ്രീനിവാസന്‍ തന്നെയാണ്.

സുഹൃത്തുക്കളായ നാല് പ്ലസ്ടു വിദ്യാര്‍ഥികളുടെയും കൂട്ടുകാരുടെയും കഥയാണ് കിടു പറയുന്നത്. ഒരദ്ധ്യാപികയുമായി കുട്ടികള്‍ക്കുണ്ടാകുന്ന അടുപ്പവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും നര്‍മത്തിലൂടെ പറയുന്നു. മജീദ് അബുവാണ് സംവിധാനം.

അതേസമയം ഒരു അഡാര്‍ ലവ് സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനത്തിനെതിരെ കേസെടുക്കുന്നതിന് സുപ്രീം കോടതിയുടെ സ്‌റ്റേ. നിലവിലുളള കേസുകളിലെ തുടര്‍ നടപടികളും കോടതി സ്‌റ്റേ ചെയ്തു. കേസിലെ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തെലങ്കാനയില്‍ കേസും മഹാരാഷ്ട്രയില്‍ പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇവ അഭിപ്രായ സ്വതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചിത്രത്തിലെ നായിക പ്രിയ വാര്യരും സംവിധായകന്‍ ഉമര്‍ ലുലുവും നിര്‍മാതാവും ആണ് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി എല്ലാ കേസിനും സ്‌റ്റേ അനുവദിച്ചു. ഗാനത്തിനെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിലക്കിയ കോടതി ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

chandrika: