ബി.ജെ.പിയില്‍ നിന്നു രാജിവെച്ച് കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ നടിയും മുന്‍ എം.പിയുമായ വിജയശാന്തിക്ക് സുപ്രധാന ചുമതല നല്‍കി പാര്‍ട്ടി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ, ആസൂത്രണ സമിതിയുടെ ചീഫ് കോര്‍ഡിനേറ്ററായാണ് വിജയശാന്തിയെ നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ബി.ജെ.പി വിട്ട് അവര്‍ കോണ്‍ഗ്രസിലെത്തിയത്.
2009ലായിരുന്നു വിജയശാന്തി രാഷ്ട്രീയത്തിലേക്കെത്തുന്നത്. ഭാരതീയ രാഷ്ട്ര സമിതിയുടെ ബാനറില്‍ മത്സരിച്ച് അതേ വര്‍ഷം അവര്‍ മേഡക് ലോക്‌സഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. കെ. ചന്ദ്രശേഖര റാവുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍സിലേക്ക് മാറിയിരുന്നു. 2020ലാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെത്തുന്നത്. ബി.ജെ.പിയിലേക്ക് പോയ പല നേതാക്കളും തിരികെ കോണ്‍ഗ്രസിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
അടുത്തിടെ ബി.ജെ.പിയില്‍ നിന്നു രാജി വെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുനുഗോഡ് എം.എല്‍.എ കോട്ടിറെഡ്ഢി രാജഗോപാല റെഡ്ഢി രംഗത്തെത്തിയിരുന്നു. മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാനും മുന്‍ എം.പിയുമായ വിവേക് വെങ്കിടസ്വാമിയും ബി.ജെ.പി വിടുകയാണെന്ന് വ്യക്തമാക്കിയിരുന്നു. നവംബര്‍ 30നാണ് തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.