X
    Categories: keralaNews

നടിയെ പീഡിപ്പിച്ച ദൃശ്യം ചോര്‍ന്നതില്‍ പരിശോധന, അനുമതി വൈകുന്നു

Judge holding gavel in courtroom

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തിയെന്ന കണ്ടെത്തലില്‍ തുടര്‍നടപടികള്‍ക്ക് കോടതിയുടെ അനുമതി കാത്ത് അന്വേഷണ സംഘം. മെമ്മറി കാര്‍ഡ് ചോര്‍ത്തിയ സംഭവത്തില്‍, ഫോറന്‍സിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയതിയാണ് ക്രൈം ബ്രാഞ്ച് വിചാരണകോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷയില്‍ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തില്‍ ഇതുവരെ തീരുമാനമായില്ല.

മെമ്മറികാര്‍ഡ് പരിശോധനക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഇതേതുടര്‍ന്ന് അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കോടതിയില്‍ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാര്‍ഡില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഫോറന്‍സിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയത്.

2017 ഫെബ്രുവരി 18നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 13ന് ഈ ദൃശ്യം വീണ്ടും കണ്ടതായാണ് ഫോറന്‍സിക് സംഘം കണ്ടെത്തിയത്. മെമ്മറി കാര്‍ഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയല്‍ ഓപ്പണ്‍ ആക്കിയാല്‍ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫെബ്രുവരിയിലാണ്. ഇതാണ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്. കോടതി ആവശ്യത്തിനല്ലാതെ തൊണ്ടി മുതലിന്റെ ഹാഷ് വാല്യു മാറിയതില്‍ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ദൃശ്യം മറ്റാര്‍ക്കെങ്കിലും ചോര്‍ത്തിയതാണോ എന്ന് വ്യക്തമാകാന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും അന്വേഷണ സംഘം പറയുന്നു. വിചാരണ കോടതിയില്‍ നിന്ന് അനുകൂല നടപടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

Chandrika Web: