X

‘പ്രഗ്യാസിങ് ഹിന്ദുഭീകരവാദി; ഇതാണ് അവരുടെ യോഗ്യതയായി ബി.ജെ.പി കാണുന്നതും’; നടി സ്വരഭാസ്‌ക്കര്‍

ന്യൂഡല്‍ഹി: ബി.ജെ.പിയേയും ബി.ജെ.പി സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യാസിങ് താക്കൂറിനേയും കടന്നാക്രമിച്ച് ബോളിവുഡ് നടി സ്വരഭാസ്‌ക്കര്‍. രാജ്യത്ത് അക്രമരാഷ്ട്രീയമാണ് സാധ്വി പ്രഗ്യാസിങ് താക്കൂര്‍ നടത്തുന്നതെന്ന് സ്വരഭാസ്‌ക്കര്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നാണ് സാധ്വി പ്രഗ്യാസിങ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ദിഗ്‌വിജയ് സിങ്ങിനെയാണ് പ്രഗ്യാ സിങ് ഭോപ്പാലില്‍ നേരിടുന്നത്.

എന്തു തരത്തിലുള്ള രാഷ്ട്രീയമാണ് സാധ്വി പ്രഗ്യാസിങ് പറഞ്ഞുവെക്കുന്നത്. രാഷ്ട്രീയവും അക്രമവും ഒരുമിച്ചുള്ളതാണ് അവരുടെ പ്രവര്‍ത്തികളെന്നും അവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ക്യാംപെയിന് മുന്നിട്ടിറങ്ങുമെന്നും സ്വരഭാസ്‌ക്കര്‍ പറഞ്ഞു. കൊലപാതകത്തിലും ഭീകരവാദത്തിലും അവര്‍ക്കുള്ള പങ്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയായി ബി.ജെ.പി കണക്കാക്കിയിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഭീകരവാദ പ്രവര്‍ത്തനത്തിലൂടെ കൊലപാതകങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ് പ്രഗ്യസിങ്ങ് താക്കൂര്‍. സമൂഹത്തിന്റേയും രാജ്യത്തിന്റേയും ഐക്യം തകര്‍ക്കുന്നതാണ് ഭീകരവാദപ്രവര്‍ത്തനങ്ങള്‍. ഇതാണ് ബി.ജെ.പി അവരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കാരണമെന്നും സ്വരഭാസ്‌ക്കര്‍ പറഞ്ഞു. ഹേമന്ത് കര്‍ക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് പ്രഗ്യസിങ്ങ് നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമായിരുന്നു. ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ടും നടത്തിയ പരാമര്‍ശങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നേരിട്ടിരുന്നു ഇവര്‍. തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്നു തന്നെ മുന്നറിയിപ്പ് നേരിട്ടിരുന്നു പ്രഗ്യാസിങ്ങ്.

മാലെഗാവ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയായ പ്രഗ്യാ സിങ് നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാണ് ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനായി കോടതി പരിഗണിച്ചത്. 1989 മുതല്‍ ബിജെപിയുടെ പക്കലുള്ള സീറ്റാണ് ഭോപ്പാല്‍.

chandrika: