X

നടി ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഡല്‍ഹി പൊലീസിലെ മുന്‍ എ.സി.പി വേദ് ഭൂഷണ്‍

ന്യൂഡല്‍ഹി: പ്രശസ്ത നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നുമുള്ള ദിവസങ്ങള്‍ നീണ്ടുനിന്ന സംശയങ്ങള്‍ക്കൊടുവിലാണ് അപകട മരണമാണെന്നുള്ള നിഗമനത്തിലേക്ക് ദുബായ് പൊലീസെത്തുന്നത്. ശ്രീദേവിയുടെ വിയോഗം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമിതാ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍ രംഗത്തെത്തിയിരിക്കുന്നു. ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായില്‍ അന്വേഷണം നടത്തിയ വ്യക്തിയാണ് വേദ്.

ശ്രീദേവിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ്. താരത്തിന്റേത് അപകടമരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉയരാന്‍ കൃത്യമായ കാരണങ്ങള്‍ ഉണ്ടെന്നും വേദ് ഭൂഷണ്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ‘ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ് അവശേഷിപ്പിക്കാതെയിരിക്കാനും അപകടമരണമാണെന്ന് ചിത്രീകരിക്കാനും എളുപ്പമാണ്. ഇത് ഒരു ആസൂത്രിത കൊലപാതകമായിട്ടാണ് എനിക്ക് തോന്നുന്നത്’ വേദ് ഭൂഷണ്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീദേവിയുടേത് അപകടമരണം ആണെന്നാണ് ഫെബ്രുവരി 26ന് ദുബായ് പൊലീസ് പുറത്തുവിട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത്. ബാത്ത്ടബില്‍ ബോധരഹിതയായി കിടക്കുകയായിരുന്ന ശ്രീദേവിയുടെ ഉള്ളില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നു. ദുബായ് പൊലീസിന്റെ ഈ വാദഗതി തെറ്റാണെന്ന് ഭൂഷന്‍ വാദിക്കുന്നു. കേസ് ഒതുക്കിത്തീര്‍ത്തതാണെന്ന് സംശയമുള്ളതായും ഭൂഷന്‍ പറഞ്ഞു.

‘ദുബായ് നിയമവ്യവസ്ഥയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടേ, ശ്രീദേവിയുടെ മരണത്തില്‍ നിങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. സത്യത്തില്‍ എന്താണ് നടന്നതെന്ന് ഞങ്ങള്‍ക്ക് അറിയണം. ഞങ്ങളുടെ പല ചോദ്യങ്ങളും നിങ്ങള്‍ ഉത്തരമില്ലാതെ തള്ളിക്കളയുകയാണ് ചെയ്തത്. ശരിയായ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാന്‍ ദുബായിലേക്ക് പോകും’; എ.സി.പി വേദ് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

chandrika: