X

നടിയുടെ ദൃശ്യം; കോടതി ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദ്യശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കോടതി ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈംംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ചോദ്യം ചെയ്യലിന് അനുമതി നല്‍കിയിരുന്നു. കോടതി കസ്റ്റഡിയിലിരിക്കെ ദ്യശ്യങ്ങള്‍ നിയമവിരുദ്ധമായി ആക്‌സസ് ചെയ്‌തെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ശിരസ്തദാര്‍, തൊണ്ടി ക്ലാര്‍ക്ക് എന്നിവരെയാണ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യുക. ഉന്നതരെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടിയിട്ടുണ്ട്. അന്വേഷണ സംഘത്തലവന്‍ ബൈജു പൗലോസാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കോടതി കസ്റ്റഡിയിലിരിക്കെ 2018 ഡിസംബര്‍ 13ന് മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കണ്ടുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതോടെയാണ് ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ആക്‌സസ് ചെയ്ത കാര്യം എഫ്എസ്എല്‍ സ്ഥിരീകരിച്ചത്.

ആരാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ഇത് പകര്‍ത്തിയോ എന്നതും പൊലീസ് അന്വേഷിക്കും. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഫോര്‍വാര്‍ഡ് നോട്ട് ഫോറന്‍സിക് സംഘത്തിന് കോടതി കൈമാറിയിട്ടില്ല. ദൃശ്യങ്ങള്‍ കോടതിയില്‍ നിയമവിരുദ്ധമായി ആക്‌സസ് ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിക്രമത്തിനിരയായ നടി രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സുപ്രീംകോടതി ഹൈക്കോടതി രജിസ്ട്രാറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.

വിചാരണക്കോടതിയില്‍ നിന്ന് രേഖ ചോര്‍ന്ന സംഭവത്തിലും പൊലീസ് അന്വേഷണത്തിന് അനുമതി തേടിയിരുന്നു. ദിലീപിന് കോടതി രേഖ കൈമാറിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യം. ഇതുസംബന്ധിച്ച് കോടതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

Test User: