രണ്ടുകോടി രൂപയുടെ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയതിനെക്കുറിച്ച് നടി സായ്പല്ലവി. പരസ്യചിത്രത്തില്‍ നിന്ന് പിന്‍മാറിയത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ അതിന്റെ കാരണം ഇപ്പോഴാണ് താരം വ്യക്തമാക്കുന്നത്. ബിഹൈന്‍ഡ് വുഡിനു നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ തുറന്നുപറച്ചില്‍.
രണ്ടുകോടി രൂപ കിട്ടിയിട്ട് എന്തു കിട്ടാനാണ്. താന്‍വീട്ടില്‍ പോയി ചോറോ ചപ്പാത്തിയോ കഴിക്കും. തനിക്കതിലും വലിയ ആവശ്യങ്ങളൊന്നുമില്ലെന്ന് സായ്പല്ലവി പറഞ്ഞു. നിറത്തെക്കുറിച്ചുള്ള നമ്മുടെ സ്റ്റാന്റേര്‍ഡ് തെറ്റാണെന്നാണ് അഭിപ്രായം. ഇത് ഇന്ത്യന്‍ നിറമാണ്. വിദേശികളുടെ അടുത്തുപോയി അവരെന്തുകൊണ്ടാണ് വെളുത്തിരിക്കുന്നതെന്ന് ചോദിക്കാന്‍ സാധിക്കില്ല. അതവരുടെ നിറമാണ്. ഇത് നമ്മുടേതുമെന്നും സായ് പല്ലവി പറഞ്ഞു.
ചെറുപ്പത്തില്‍ അനിയത്തിയുമായുണ്ടായ ചില കാര്യങ്ങളും പങ്കുവെച്ചായിരുന്നു സായിയുടെ പ്രതികരണം. നിറം കുറവുള്ള അനിയത്തി നിറം കൂടാന്‍ പച്ചക്കറി തിന്നാന്‍ പറഞ്ഞതും പിന്നീട് അതില്‍ കുറ്റബോധം തോന്നിയെന്നും സായ്പല്ലവി പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ ചെറുപ്പക്കാരെ സ്വാധീനിക്കുമെന്ന കാര്യം വളരെ ചെറുപ്പത്തിലേ തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
സിനിമയില്‍ വരുമ്പോള്‍ തനിക്ക് അരക്ഷിതബോധം ഉണ്ടായിരുന്നു. മുഖക്കുരുവും ആണുങ്ങളെപ്പോലിരിക്കുന്ന ശബ്ദവും ഏറെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രേമം സിനിമ സ്വീകരിക്കപ്പെട്ടതോടെ അരക്ഷിതാവസ്ഥ തന്നില്‍ നിന്നും മാറിയെന്നും സമൂഹത്തെ സ്വാധീനിക്കാനുള്ള ശക്തി ഇപ്പോഴുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു.