X

ശശികലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്ജിനി

ചെന്നൈ: തമിഴ്‌നാട് നിയുക്തമുഖ്യമന്ത്രിയായ ശശികല നടരാജനെതിരെ നടി രഞ്ജിനി രംഗത്ത്. തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരം ഏല്‍ക്കാന്‍ പോകുന്ന ശശികലക്കെതിരെ അതിരൂക്ഷമായാണ് രഞ്ജിനി പ്രതികരിച്ചിരിക്കുന്നത്. എങ്ങനെയാണ് ശശികലയെ മുഖ്യമന്ത്രിയായി സ്വീകരിക്കാനാവുകയെന്ന് രഞ്ജിനി പറഞ്ഞു.

തമിഴ്‌നാടിന് വേണ്ടിയാണ് ഞാന്‍ ശബ്ദം ഉയര്‍ത്തുന്നത്. ഞങ്ങളെങ്ങനെയാണ് മുഖ്യമന്ത്രിയായി ശശികലയെ സ്വീകരിക്കുക?അമ്മയുടെ വേലക്കാരിയെന്നതില്‍ കവിഞ്ഞ് അവര്‍ക്കെന്ത് യോഗ്യതയാണുള്ളത്?തമിഴ്‌നാട്ടുകാരെല്ലാവരും വിഡ്ഢികളാണെന്നാണോ മന്നാര്‍ഗുഡി മാഫിയ കരുതിയിരിക്കുന്നതെന്നും രഞ്ജിനി ചോദിക്കുന്നു.

ജെല്ലിക്കെട്ട് പോലെയുള്ള സമരം നടത്തി വിജയിച്ചിട്ടുള്ളവരാണ് നമ്മള്‍. ശശികലക്കെതിരേയും ഏകാധിപത്യത്തിനെതിരേയും ശബ്ദുയര്‍ത്തണം തമിഴ് ജനത. അണ്ണാ ഡി.എം.കെ രൂപീകരിച്ചത് എം.ജി.ആറാണ്. അദ്ദേഹത്തിന് ശേഷം അമ്മ പാര്‍ട്ടിയെ നിയന്ത്രിച്ചു. ശശികലയെപ്പോലെയുള്ള ഒരു ക്രിമിനലിനെ മുഖ്യമന്ത്രിയാക്കുന്നത് തടയാന്‍ തമിഴ് ജനതക്ക് കഴിയണം. അമ്മയുടെ അവസാന നാളുകളില്‍ അവരെ ജനങ്ങളില്‍ നിന്നകറ്റാന്‍ ശശികല ശ്രമിച്ചത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തമിഴ്‌നാടിനെ ദൈവം രക്ഷിക്കട്ടെ. ഈ ക്രിമിനല്‍ കൂട്ടങ്ങളെ പുറത്താക്കാന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജി തയ്യാറാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രഞ്ജിനി പറയുന്നു.

chandrika: