തിരുവനന്തപുരം: കെ.പി.എ.സി ലളിതക്കും അമ്മക്കും മറുപടിയുമായി നടി രമ്യാ നമ്പീശന്‍. ആരോടും മാപ്പ് പറയില്ലെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. അമ്മയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കില്ലെന്നും ഇന്നലത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു.
ഒരു സ്ത്രീയെന്ന നിലയില്‍ കെ.പി.എ.സി ലളിത സ്വീകരിച്ച നിലപാട് തീര്‍ത്തും സ്ത്രീവിരുദ്ധമാണ്. എല്ലാം സഹിച്ചാല്‍ മാത്രമെ ‘അമ്മ’ക്കുള്ളില്‍ നിലനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്. ആ വാക്കുകളോട് തനിക്ക് മറുപടിയില്ല. പക്ഷേ ഞങ്ങള്‍ക്കതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ച് നില്‍ക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല. കെ.പി.എ.സി ലളിതയുടെ വാര്‍ത്താ സമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കെ.പി.എ.സി ലളിതക്കെതിരെ വിമര്‍ശനവുമായി ജോയ് മാത്യുവും രംഗത്തെത്തി. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയെ കേള്‍ക്കാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ജോയ് മാത്യു പറഞ്ഞു. കെ.പി.എ.സി ലളിതയുടെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിനും മറ്റ് അംഗങ്ങള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഡബ്ല്യു.സി.സി അംഗങ്ങള്‍ മാപ്പ് പറയണമെന്ന് കെ.പി.എ.സി.ലളിത പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യവിന്റെ പ്രതികരണം.